photo
മാലിന്യങ്ങൾ ചിതറി കിടക്കുന്ന അഴീക്കൽ ബീച്ച്

അഴീക്കൽ ബീച്ചിൽ തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കുന്നു

കരുനാഗപ്പള്ളി: ജനത്തിരക്കേറുന്ന അഴീക്കൽ ബീച്ചിൽ തെരുവ് നായ്ക്കളുടെ ശല്യം ക്രമാതീതമായി വർദ്ധിക്കുകയാണെന്ന് വിനോദ സഞ്ചാരികളുടെ പരാതി. ബീച്ചിൽ കുന്നുകൂടുന്ന ഭക്ഷണാവശിഷ്ടങ്ങളാണ് തെരുവ് നായ്ക്കളെ ഇങ്ങോട്ടേയ്ക്ക് ആകർഷിക്കുന്നത്. കൂട്ടത്തോടെയെത്തുന്ന നായ്ക്കൾ ഒറ്റതിരിഞ്ഞ് നിൽക്കുന്ന ടൂറിസ്റ്റുകളെയാണ് ആക്രമിക്കുന്നത്. ബീച്ചിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ കൃത്യമായി നീക്കം ചെയ്യാനുള്ള സംവിധാനം ഇവിടെ ഏർപ്പെടുത്തിയിട്ടില്ലാത്തതാണ് പ്രശ്നം. പ്ലാസ്റ്റിക് മാനില്യങ്ങളും ആഹാരാശിഷ്ടങ്ങളും പുലിമുട്ടിന്റെ വശങ്ങളിലും ബീച്ചിലും നിക്ഷേപിക്കുന്ന പ്രവണത വർദ്ധിച്ചുവരുകയാണ്. പുലിമുട്ടിന്റെ വശങ്ങളിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ കടലിലേക്കാണ് ഒഴുകുന്നത്. വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുന്ന ആഹാരാവശിഷ്ടങ്ങൾക്കു വേണ്ടിയാണ് തെരുവ് നായ്ക്കൾ ബീച്ചിൽ തമ്പടിക്കുന്നത്.

വാഹനങ്ങളിൽ എത്തുന്ന ടൂറിസ്റ്റുകളിൽ പലരും വീട്ടിൽ നിന്ന് നാടൻ പട്ടിക്കുട്ടികളെ കൊണ്ടുവന്ന് ആരു കാണാതെ ബീച്ചിൽ കളയാറുണ്ട്. ഇവറ്റകൾ പെറ്റുപെരുകി നാട്ടുകാർക്ക് തന്നെ വിനയാവുന്ന അവസ്ഥയിലാണ്. പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാനും തെരുവ് നായശല്യം അവസാനിപ്പിക്കാനുമുള്ള നടപടി ഗ്രാമ പഞ്ചായത്ത് അധികൃതർ കൈക്കൊള്ളണമെന്നാണ് പ്രദേശവാസികളുടെയും വിനോദ സഞ്ചാരികളുടെയും ആവശ്യം.

ആകെയുള്ളത് 4 വേസ്റ്റ്ബിൻ മാത്രം

ഒരു മാസത്തിന് മുൻപുവരെ ബീച്ചിന്റെ തീരങ്ങളിലാണ് വിനോദ സഞ്ചാരത്തിന് എത്തുന്നവർ മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്നത്. കരുനാഗപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടന മാലിന്യങ്ങൾ നിക്ഷേപിക്കാൻ ബീച്ചിന്റെ പലയിടങ്ങളിലായി 4 വേസ്റ്റ്ബിൻ സ്ഥിപിച്ചു. 800 മീറ്റർ നീളത്തിൽ കിടക്കുന്ന ബീച്ചിൽ മാലിന്യ ശേഖരണത്തിനായി ആകെയുള്ളത് ഇതു മാത്രമാണ്. ഒരു മാസത്തിനുള്ളിൽ ഒരിക്കൽ പോലും ഗ്രാമ പഞ്ചായത്തോ ഡി.ടി.പി.സിയോ ഇവിടെ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഒരു ശ്രമവും നടത്തിയിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പ്രധാന ആക്ഷേപം.

ശുചീകരണ തൊഴിലാളികളില്ല

ചീഞ്ഞഴുകിയ മാലിന്യങ്ങളിൽ നിന്ന് പുറപ്പെടുന്ന ദുർഗന്ധം ടൂറിസ്റ്റുകൾക്കും പ്രദേശവാസികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ടൂറിസം വകുപ്പിന്റയോ ഡി.ടി.പി.സിയുടെയോ നിയന്ത്രണത്തിലുള്ള ബീച്ചുകളിൽ ശുചീകരണത്തിനായി തൊഴിലാളികളെ നിയോഗിക്കാറാണ് പതിവ്. എന്നാൽ അഴീക്കൽ ബീച്ചിൽ ശുചീകരണത്തിനായി നാളിതുവരെ ആരെയും നിയോഗിച്ചിട്ടില്ല. ഇതാണ് മാലിന്യങ്ങൾ ബീച്ചിൽ കുന്നുകൂടാനും തെരുവ് നായ ശല്യം വർദ്ധിക്കാനും കാരണം.