smart

കൊല്ലം: പുസ്തക രൂപത്തിലുള്ളവയ്ക്ക് പകരം എ.ടി.എം മാതൃകയിലും ഇതേ വലിപ്പത്തിൽ പ്ളാസ്റ്റിക് ലാമിനേഷൻ നടത്തിയതുമായ റേഷൻ കാർഡുകളുടെ വിതരണം നവംബർ ആദ്യവാരം തുടങ്ങി​യെങ്കിലും പലർക്കും മൊബൈൽ നമ്പറുകളിൽ ഒ.ടി.പി ലഭ്യമാകാത്തത് വ്യാപക പ്രതി​ഷേധത്തി​നു വഴി​യൊരുക്കുന്നു. റേഷൻകാർഡുമായി നേരത്തെ ലിങ്ക് ചെയ്തിരുന്ന മൊബൈൽ നമ്പർ ഉപേക്ഷിച്ചവർക്കാണ് പണി​കി​ട്ടുന്നത്.

ലിങ്ക് ചെയ്ത മൊബൈൽ നമ്പർ നഷ്ടമായിട്ടുണ്ടെങ്കിൽ, കൈവശമുള്ള മൊബൈൽ നമ്പർ ലിങ്ക് ചെയ്യാനുള്ള അവസരം ഓൺലൈനിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. അക്ഷയകേന്ദ്രങ്ങൾ വഴി സ്മാർട്കാർഡിനായി അപേക്ഷിക്കുമ്പോൾ ലിങ്ക് ചെയ്യേണ്ട മൊബൈൽ നമ്പർ കൂടി നൽകി ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കഴിയും. പുസ്തകരൂപത്തിലുള്ള പഴയ റേഷൻ കാർഡിന്റെയും ലാമിനേറ്റ് ചെയ്‌തെടുക്കുന്ന പുതി​യ കാർഡിന്റെയും സാധുതയും ഉപയോഗവും ഇല്ലാതാകുന്നില്ല എന്നതിനാൽ പി.വി.സി കാർഡുകൾ ലഭ്യമാകാത്തവർ ആശങ്കപ്പെടേണ്ടതില്ല.

# പഴയകാർഡ് ന്യൂജെൻ ആക്കാൻ

 അക്ഷയ അല്ലെങ്കിൽ സിറ്റിസൺ ലോഗിനിലുള്ള പ്രിന്റ് ഓപ്‌ഷനിൽ ഇ കാർഡ്/ പിവിസി കാർഡ് പ്രിന്റ് ഓപ്‌ഷൻ ക്ലിക് ചെയ്യുക

 റേഷൻ കാർഡിന്റെ ബാർകോഡ് നമ്പർ ടൈപ്പ് ചെയ്ത ശേഷം പ്രിന്റ് ബട്ടൺ ക്ലിക്ക് ചെയ്യുക

 കാർഡ് പ്രിന്റിംഗിനുള്ള പി.ഡി.എഫ് ഫയൽ ലോഗിനിൽ ലഭ്യമാകും

 പി.ഡി.എഫ് ഡൗൺലോഡ് ചെയ്യുമ്പോൾ കാർഡുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പരിൽ പാസ്‍വേഡ് ലഭ്യമാകും
 അക്ഷയ വഴിയോ മറ്റ് കമ്പ്യൂട്ടർ സ്ഥാപനങ്ങൾ വഴിയോ പി.വി.സി പ്ലാസ്റ്റിക് കാർഡ് പ്രിന്റെടുക്കാം

 കാർഡ് രൂപത്തിൽ പ്രിന്റെടുക്കാൻ സർവീസ് ചാർജും പ്രിന്റിംഗ് ചാർജുമുൾപ്പെടെ 65 രൂപ അക്ഷയ കേന്ദ്രത്തിന് നൽകണം

# പ്രിന്റ് പാസ്‌വേഡ് ലഭ്യമായില്ലെങ്കിൽ

അപേക്ഷകന്റെ ആവശ്യപ്രകാരം താലൂക്ക്, സിറ്റി റേഷനിംഗ് ഓഫീസർമാരുടെ ലോഗിനിലുള്ള സെർച്ച് പാസ്‌വേഡ് പേജിൽ റേഷൻകാർഡ് നമ്പർ നൽകിയാൽ പാസ്‌വേഡ് ലഭ്യമാകും. ഫോൺ, ഇ-മെയിൽ വഴി പാസ്‌വേഡ് ആവശ്യപ്പെടുന്ന ആധികാരികതയിൽ സംശയമുണ്ടെങ്കിൽ റേഷൻ കാർഡ് മാനേജ്‌മെന്റ് സിസ്റ്റത്തിലെ വിവരങ്ങളുമായി ഒത്തുനോക്കിയശേഷം പാസ്‍വേഡ് നൽകണമെന്നും അനാവശ്യമായി യാതൊരു കാരണവശാലും കാർഡുടമയെയോ അപേക്ഷകനെയോ ഓഫീസിലേക്ക് നേരിട്ട് വിളിച്ചുവരുത്തരുതെന്നും സർക്കാർ ഉത്തരവ് നിലവിലുണ്ട്.

# മൊബൈൽ നമ്പർ മാറ്റാം

ഇ പോസ് മെഷീനിൽ ഉപഭോക്താക്കളുടെ വിരൽ പതിക്കുന്നതിനു പകരമായി മൊബൈൽ നമ്പർ ഉപയോഗിച്ച് ഒ.ടി.പി വഴിയും ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നുണ്ട്. നേരത്തെ ലിങ്ക് ചെയ്ത മൊബൈൽ നമ്പറിന് പകരമായി പുതിയ നമ്പർ ലിങ്ക് ചെയ്യാൻ അടുത്തുള്ള അക്ഷയ കേന്ദ്രത്തിലെത്തിയാൽ മതിയാകും.

# സ്മാർട്ട് റേഷൻ കാർഡ്

 മാർച്ചിന് മുൻപ് എല്ലാ കാർഡുകളും സ്മാർട് കാർഡ് ആക്കുക ലക്ഷ്യം

 വലിപ്പം എ.ടി.എം കാർഡിനു തുല്യം

 തിരിച്ചറിയൽ കാർഡായും ഉപയോഗിക്കാം

 നിലവിലുള്ള കാർഡുകളുടെ അതെ നിറം

 മുൻവശത്ത് കാർഡുടമയുടെ ഫോട്ടോ, പേര്, ബാർകോഡ്