park
കൊല്ലം ബീച്ചിലെ എം.ജി. പാർക്ക്

 ബീച്ചിലെ പാർക്ക് തുറക്കുന്നതിൽ കരാറുകാരനുമായി തർക്കം

കൊല്ലം: കരാറുകാരന് കോർപ്പറേഷൻ അന്ത്യശാസനം നൽകിയിട്ടും ബീച്ചിനു സമീപത്തെ 'മഹാത്മാഗാന്ധി പാർക്ക്' തുറക്കുന്നില്ല. 2020ൽ കൊവിഡ് ഒന്നാം തരംഗം ആരംഭിച്ചപ്പോൾ മുതൽ അടഞ്ഞു കിടക്കുന്ന പാർക്ക് കഴിഞ്ഞ ഡിസംബറിൽ തുറക്കാൻ കരാറുകാരന് കത്തു നൽകിയെങ്കിലും ഫലമുണ്ടായില്ല.

ഉപയോഗിക്കാത്തതിനാൽ ഉപകരണങ്ങൾ പലതും നശിച്ചു. ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങൾക്കായി ബീച്ചിൽ എത്തുന്നവർക്ക് പാർക്ക് തുറന്നു കൊടുക്കണമെന്നായിരുന്നു കോർപ്പറേഷൻ കൗൺസിലിന്റെ തീരുമാനം. ഇതനുസരിച്ചാണ് കരാറുകാരന് കത്തു നൽകിയത്. കാടുപിടിച്ചു കിടക്കുന്നതിനാൽ തുറക്കാനാവില്ലെന്നായിരുന്നു കരാറുകാരന്റെ നിലപാട്. തൊഴിലുറപ്പ് പ്രവർത്തകരെ കൊണ്ട് കാടു വെട്ടിത്തെളിച്ച് വൃത്തിയാക്കിയെങ്കിലും പാർക്ക് ഉപയോഗരഹിതമാണ്.

കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് 33 ലക്ഷം രൂപ നിക്ഷേപവും 5 ലക്ഷം രൂപ പ്രതിമാസ വാടകയും നിശ്ചയിച്ച് പാർക്കിന്റെ നടത്തിപ്പ് കരാർ നൽകിയത്. കൊവിഡ് വ്യാപനം കുറഞ്ഞതോടെ ഡി.ടി.പി.സിയുടെ ജലകേളി കേന്ദ്രം ഉൾപ്പെടെ തുറന്നിട്ടും പാർക്കിന് ജീവൻ വയ്ക്കുന്നില്ല.

 വൃന്ദാവൻ ഗാർഡൻ മാതൃക

മൈസൂരിലെ വൃന്ദാവൻ ഗാർഡന്റെ മാതൃകയിൽ പൂന്തോട്ടവും മത്സ്യ കന്യക ശില്പവും മ്യൂസിക് ഫൗണ്ടനും ഒക്കെ ഉണ്ടായിരുന്ന പാർക്ക് സന്ദർശകർക്ക് ഏറെ പ്രിങ്കരമായിരുന്നു. നാനൂറോളം പേർക്ക് ഇരിക്കാവുന്ന സൗകര്യങ്ങൾ പാർക്കിൽ ഒരുക്കിയിരുന്നു. കൊവിഡ് കാലത്ത് ആവശ്യമായ സംരക്ഷണമില്ലാതെപോയ പാർക്കിൽ ഒരാൾ പൊക്കത്തിലാണ് പാഴ്ചെടികളും മറ്റും വളർന്നത്.

പാർക്ക് തുറക്കാൻ തയ്യാറാവാത്ത കരാറുകാരനെതിരെ നടപടി ഉണ്ടാവും. 11ന് ചേരുന്ന കൗൺസിൽ ഇക്കാര്യം ചർച്ച ചെയ്യും

എൻ. ടോമി, കൗൺസിലർ