sura
സുരേഷ് കുമാർ പാട്ട് റെക്കാർഡിംഗിനിടെ

കൊല്ലം: പൊലീസ് സ്റ്റേഷനിൽ സമ്മർദ്ദത്തിലിരിക്കവേ, ഇടയ്ക്കിടെ ഒരു മൂളിപ്പാട്ടുയരും. സഹപ്രവർത്തകർ അപ്പോൾ ടെൻഷൻ മറന്ന് താളംപിടിക്കും. കൊല്ലത്തെ പൊലീസുകാർക്കിടയിൽ ഗായകൻ എന്ന പേരിൽ അറിയപ്പെടുന്ന എ.സുരേഷ് കുമാറിന് അപ്പോൾ ആവേശം കയറും. പിന്നെ സ്റ്റേഷനിൽ പാട്ടുകളുടെ മധുരമഴ പെയ്തിറങ്ങും. ലോക്കപ്പിൽ പ്രതികളുണ്ടെങ്കിൽ അവരും താളം പിടിക്കും!

ഗ്രേഡ് എസ്.ഐ എ. സുരേഷ് കുമാർ അപകടത്തിൽ മരിച്ചെന്ന വാർത്ത പരന്നതിന് പിന്നാലെ അദ്ദേഹം പാട്ടുപാടുന്ന വീഡിയോകൾ സുഹൃത്തുക്കൾ നവമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. അതിൽ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനുള്ളിലിരുന്ന് ജാനകീ... രാമാ... എന്ന ഗാനം ആലപിക്കുന്നതും സഹപ്രവർത്തകർ താളം പിടിക്കുന്നതുമായ വീഡിയോ വൈറലായി മാറിയിരുന്നു. ആദ്യത്തെ കൺമണി എന്ന ചിത്രത്തിലെ അകലെയകലെ നീലാകാശം... എന്ന ഗാനം അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതായിരുന്നു. അവസരം കിട്ടുമ്പോഴെല്ലാം ഈ ഗാനം ആലപിക്കുമായിരുന്നു.

സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടുള്ള സുരേഷ് കുമാർ ജോലി ലഭിക്കുന്നതിന് മുൻപ് കൊല്ലം ആസ്ഥാനമായുള്ള ഹാർമണി ഗാനമേള ട്രൂപ്പിലെ പ്രധാന ഗായകനായിരുന്നു. ജോലിത്തിരക്കുകൾക്കിടയിൽ വല്ലപ്പോഴും ഗാനമേള രംഗത്തെ പുതിയ തലമുറയ്ക്ക് ആവേശമായി ഒപ്പം ചേരുമായിരുന്നു. ഏതെങ്കിലും ചടങ്ങുകൾക്ക് സുരേഷ് കുമാർ എത്തിയാൽ ഒരു പാട്ടെങ്കിലും പാടാതെ സുഹൃത്തുക്കൾ അദ്ദേഹത്തെ വിടുമായിരുന്നില്ല. 1994ൽ ആണ് സർവീസിൽ പ്രവേശിച്ചത്. ഒരു വർഷം മുൻപാണ് ഗ്രേഡ് എസ്.ഐ ആയി പ്രൊമോഷൻ ലഭിച്ചത്. കൊല്ലം ഈസ്റ്റ് സ്റ്റേഷന് പുറമേ കൊല്ലം വെസ്റ്റ്, കൊല്ലം ട്രാഫിക് സ്റ്റേഷൻ എന്നിവിടങ്ങളിലും സേവനും അനുഷ്ഠിച്ചിരുന്നു.