 
കുടിവെള്ളക്ഷാമം രൂക്ഷം, ജനങ്ങൾ സമരത്തിലേയ്ക്ക്
പോരുവഴി : പോരുവഴി പഞ്ചായത്തിലെ ഇടയ്ക്കാട് തെക്ക് ഏഴാം വാർഡിൽ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി കൊണ്ടുവന്ന കലതിവിള കുടിവെള്ള പദ്ധതി പുതിയ ഭരണസമിതി ഉപേക്ഷിക്കാനൊരുങ്ങുന്നതായി പരാതി. ഭൂഗർഭജല അതോറിറ്റിയുടെ നിർദേശപ്രകാരം ഒരു സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ അന്നത്തെ വാർഡ് മെമ്പർ സ്വന്തം ചെലവിൽ ഒരു കിണർ കുഴിച്ച് പദ്ധതി നടത്തുന്നതിന് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഗ്രാമ പഞ്ചായത്ത് സമിതിയും ജില്ലാ പഞ്ചായത്തും സംയുക്തമായി പദ്ധതിക്ക് 18 ലക്ഷം രൂപ അടങ്കൽ തുക അനുവദിച്ചിരുന്നു. എന്നാൽ ഈ തുകയ്ക്ക് കരാർ ഏറ്റെടുക്കാൻ കോൺട്രാക്ടർമാർ തായ്യാറാകാതിരുന്നതിനാൽ പണിനീണ്ടു പോവുകയും ഇപ്പോൾ 19 ലക്ഷത്തി മുപ്പതിനായിരം രൂപയ്ക്ക് ഒരു കോൺട്രാക്ടർ ടെൻഡർ ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴത്തെ ഭരണ സമിതി അധികം വരുന്ന ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ നൽകാൻ തയ്യാറാകാതെ വിദൂര ഭാവിയിൽ വരുന്ന ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ പേരുപറഞ്ഞ് വാർഡ് മെമ്പറെ മറികടന്ന് പദ്ധതി ഉപേക്ഷിക്കാനൊരുങ്ങുകയാണ്. ഇത് പ്രദേശവാസികളുടെ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വരുംദിവസങ്ങളിൽ കുടിവെള്ളപ്രശ്നം രൂക്ഷമാവുമെന്നിരിക്കേ ഭരണ സമിതിക്കെതിരെ ശക്തമായ സമരം സംഘടിപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.
ഇപ്പോഴത്തെ ഭരണ സമിതി ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ അനുവദിച്ചാൽ പദ്ധതി പൂർത്തിയാക്കാൻ കഴിയും.
ശ്രീതാസുനിൽ, പഞ്ചായത്ത് മെമ്പർ
കലതിവിള പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ഭൂഗർഭജല അതോറിറ്റിയുടെ നിർദ്ദേശപ്രകാരം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ എന്റെ ചെലവിൽ കിണർ നിർമ്മിച്ചിട്ടുണ്ട്. പദ്ധതി ഇല്ലാതാക്കാനാണ് ഇപ്പോഴത്തെ ഭരണ സമിതിയുടെ ശ്രമം
ബി. ബിനീഷ്, മുൻ പഞ്ചായത്ത് മെമ്പർ