 
കരുനാഗപ്പള്ളി: കുടിവെള്ളക്ഷാമം രൂക്ഷമായ കരുനാഗപ്പള്ളിയിലെ ക്ലാപ്പന, ആലപ്പാട്, കുലശേഖരപുരം ഗ്രാമ പഞ്ചായത്തുകളിലെയും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെയും പ്രശ്‌നങ്ങൾ പരിഹരിക്കാൻ സി.ആർ. മഹേഷ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ എ.ഡി.എം ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു. കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ 1, 2, 3, 20, 21, 23 വാർഡുകളിലാണ് രൂക്ഷമായ കുടിവെള്ളപ്രശ്‌നമുള്ളത്. ഭീംനഗറിൽ അടിയന്തരമായി കുഴൽക്കിണർ സ്ഥാപിക്കാൻ ഗ്രൗണ്ട് വാട്ടർ അതോറിട്ടിക്ക് നിർദേശം നൽകി. വള്ളിക്കാവ് മാർക്കറ്റ്, കോണത്ത് ജംഗ്ഷൻ, പുത്തൻതെരുവ് എന്നിവിടങ്ങളിൽ ജലജീവൻ മിഷന്റെ നേതൃത്വത്തിൽ 75 ലക്ഷം രൂപ ചെലവഴിച്ച് കുഴൽക്കിണർ നിർമ്മിക്കുന്നതിനുള്ള ടെൻഡർ നടപടി ഉടൻ പൂർത്തിയാകും. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിൽ 19 മുതൽ 35 ഡിവിഷൻ വരെയും 1, 2 ഡിവിഷനുകളിലുമാണ് രൂക്ഷമായ കുടിവെള്ളപ്രശ്‌നം അനുഭവപ്പെടുന്നത്. രണ്ടാം വാർഡിലെ മാമൂട് ലക്ഷം വീട്ടിൽ 15 ലക്ഷം രൂപ ചെലവഴിച്ച് ഉടൻ കുഴൽക്കിണർ സ്ഥാപിക്കാൻ ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്‌മെന്റിനോട് നിർദേശിച്ചു. പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ടി.എസ്. ലഭിക്കുന്ന മുറയ്ക്ക് പണി ആരംഭിക്കും. ക്ലാപ്പന പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലകളിലെ പ്രശ്‌നം പരിഹരിക്കുന്നതിനായി 15 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കുഴൽക്കിണറിന്റെ പണി ഉടൻ പൂർത്തീകരിക്കും. ആലപ്പാട് പഞ്ചായത്തിൽ സി.എഫ്.സി ടൈഡ് ഫണ്ട് ഉപയോഗിച്ച് പൂക്കോട് ക്ഷേത്രം, ശ്രായിക്കാട് ആയുർവേദ ആശുപത്രി, കുഴിത്തുറ, ചെറിയഴീക്കൽ എന്നിവിടങ്ങളിൽ നാല് കുഴൽക്കിണറുകൾ സ്ഥാപിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. കുടിവെളം ആവിശ്യമുള്ളിടിത്ത് ടാങ്കറുകൾ വഴി വെള്ളം വിതരണം ചെയ്യും. യോഗത്തിൽ സി.ആർ. മഹേഷ് എം.എൽ.എ, എ.ഡി.എം സാജിതാബീഗം, വാട്ടർ അതോറിറ്റിയുടെയും ഗ്രൗണ്ട് വാട്ടർ അതോറിറ്റിയുടെയും ഉന്നത ഉദ്യോഗസ്ഥർ, ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്റ് മിനി മോഹൻ, ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ്, കരുനാഗപ്പള്ളി മുനിസിപ്പൽ സെക്രട്ടറി, കുലശേഖരപുരം പഞ്ചായത്ത് സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥന്മാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.