കൊല്ലം: നഗരത്തിൽ ഇന്നലെ രാത്രിയിലുണ്ടായത് മൂന്ന് അപകടങ്ങൾ. കൊല്ലം ബൈപ്പാസിൽ നീരാവിലാണ് രാത്രി ആദ്യത്തെ അപകടം 9.30 ഓടെ നടന്നത്. ബൈപ്പാസിൽ നിന്നു കടവൂരിലേക്കുള്ള ബൈ റോഡിലേക്ക് കയറവേ കടവൂർ ഭാഗത്തു നിന്നു വന്ന ബൈക്കുമായി, അച്ഛനും മകനും സഞ്ചരിച്ച സ്കൂട്ടർ ഇടിക്കുകയായിരുന്നു. മകന്റെ കാലിന് സാരമായ പരിക്കേറ്റു. ബൈക്കിലെത്തിയ യുവാവിനെ പൊലീസ് ജീപ്പിലും അച്ഛനെയും മകനെയും ഇതുവഴി വന്ന കെ.എസ്.ഇ.ബി വാഹനത്തിലും കടവൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

10 മണിയോടെ കപ്പലണ്ടി മുക്കിലായിരുന്നു രണ്ടാമത്തെ അപകടം. പള്ളിമുക്ക് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിനു പിന്നിൽ ഇടിച്ച ശേഷം കാർ, കൈവരിയിലേക്ക് ഇടിച്ചുകയറി. സാരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ ചാത്തന്നൂർ സ്വദേശിയെ ബീച്ച് റോഡിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

10.30ഓടെ കടവൂർ പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് റോഡരികിൽ നിന്ന രണ്ട് പേർക്ക് പരിക്കേറ്റു. പനയം സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. റോഡരികിലെ പോസ്റ്റിലിടിച്ചാണ് കാർ നിന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി അഞ്ചാലുംമൂട് പൊലീസ് പറഞ്ഞു.