ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടിയിട്ടും നടപടിയില്ല
കൊല്ലം: കൊട്ടാരക്കര ചന്തമുക്ക് ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടിയിട്ടും പരിഹാര മാർഗങ്ങളില്ല. ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സ്വന്തം മണ്ഡലത്തിലെ പ്രധാനപ്പെട്ട കവലയ്ക്കാണ് ഈ ഗതികേട്!
കൊല്ലം-തിരുമംഗലം ദേശീയപാതയും കരുനാഗപ്പള്ളി- കൊട്ടാരക്കര റോഡും സംഗമിക്കുന്നത് ചന്തമുക്കിലാണ്. കൊട്ടാരക്കര- ഓയൂർ റോഡ് ഇതിന് തൊട്ടടുത്തായി എത്തിച്ചേരുന്നു. സദാ തിരക്കേറിയ ഇവിടെ സകലതും നിയന്ത്രിക്കാൻ ആകെയുള്ളത് ഒരു പൊലീസുകാരൻ മാത്രം. ജംഗ്ഷന് സമീപമാണ് കുലശേഖരപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ഇവിടേക്കുള്ള വാഹനങ്ങൾ തിരിയുമ്പോൾ കുരുക്കുകൂടും. മറുവശത്ത് ഓട്ടോ സ്റ്റാൻഡാണ്. ചന്തയും താലൂക്ക് ആശുപത്രിയും ഒട്ടനവധി വ്യാപാര സ്ഥാപനങ്ങളുമൊക്കെ ചന്തമുക്കിലാണ് സ്ഥിതി ചെയ്യുന്നത്.
ചന്തയുടെ പിൻഭാഗത്തുകൂടി പഴയ കൊല്ലം-ചെങ്കോട്ട റോഡുണ്ട്. ഇത് പുത്തൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് ദേശീയപാതയിൽ പ്രവേശിക്കാതെ എം.സി റോഡിലെത്താലാൻ സഹായകരമാണെങ്കിലും മിക്കയാത്രക്കാരും ഉപയോഗിക്കാറില്ല. പുത്തൂർ ഭാഗത്തേക്കുള്ള സ്വകാര്യ ബസുകൾ ഇതുവഴിയാണ് സ്റ്റാൻഡിൽ നിന്നു പോകുന്നത്. തിരക്ക് വർദ്ധിക്കുന്ന രാവിലെയും വൈകിട്ടും ചന്തമുക്കിൽ വാഹനക്കുരുക്ക് രൂക്ഷമാവാറുണ്ട്. ട്രാഫിക് സിഗ്നൽ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ഇനിയും പരിഗണിക്കപ്പെട്ടിട്ടില്ല. പുത്തൂർ ഭാഗത്തേക്കുളള റോഡിൽ മുസ്ളീം സ്ട്രീറ്റ് മേൽപ്പാലത്തിൽ അഞ്ചുലക്ഷം രൂപ ചെലവിൽ വർഷങ്ങൾക്ക് മുൻപ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിരുന്നെങ്കിലും ഇവ ഉപയോഗിക്കാതെ നശിച്ചു.
തുരുമ്പുപിടിച്ച ട്രാഫിക് ഐലന്റ്
തകരപ്പാട്ടകൾ കൊണ്ട് നിർമ്മിച്ച തട്ടിക്കൂട്ട് ട്രാഫിക് ഐലന്റാണ് ചന്തമുക്കിൽ പൊലീസിനുള്ളത്. ഇത് പലപ്പോഴും കാറ്റടിച്ചും വാഹനങ്ങൾ തട്ടിയും മറിഞ്ഞു വീഴാറുണ്ട്.പൊലീസ് ഉദ്യോഗസ്ഥർ ഇതിൽ കയറി നിൽക്കാറുമില്ല. റോഡിന്റെ മദ്ധ്യഭാഗത്തായി സ്ഥാപിച്ച ഈ ട്രാഫിക് ഐലന്റ് പൊലീസിന് വലിയ നാണക്കേടായി മാറിയിരിക്കയാണ്.
മാനംകറുത്താൻ വെള്ളക്കെട്ട്!
ചെറിയ മഴ പെയ്താൽപോലും വെള്ളം കെട്ടി നിൽക്കുന്ന ഭാഗമാണ് ചന്തമുക്ക്. കോടികൾ മുടക്കി ഓടകൾ നവീകരിച്ചതൊന്നും ഫലംകണ്ടില്ല. ഓടയ്ക്ക് മുകളിൽക്കൂടിയാണ് മഴവെള്ളം ഒഴുകുന്നത്! കനത്ത മഴപെയ്താൽ വ്യാപാര സ്ഥാപനങ്ങളിലടക്കം വെള്ളം കയറുന്ന സ്ഥിതിയാണ്.
റോഡ് തകർന്നു
ചന്തമുക്കിൽ പുത്തൂർ റോഡിലേക്ക് തുടങ്ങുന്ന ഭാഗം തകർന്നിട്ട് നാളേറെയായി. ഇവിടെ ടാറിംഗ് ഇളകി റോഡിൽ ചാല് കീറിയ നിലയിലാണ്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. അത്യാവശ്യ അറ്റകുറ്റപ്പണികൾ നടത്താൻപോലും അധികൃതർ തയ്യാറാകുന്നില്ല. ഇവിടെ ഒരു വശത്തായി സ്വകാര്യ കെട്ടിട നിർമ്മാണത്തിന് തുടക്കമിട്ടപ്പോൾ നാട്ടുകാരും രാഷ്ട്രീയക്കാരും പ്രതിഷേധിച്ചിരുന്നു. കെട്ടിട നിർമ്മാണം മുടങ്ങിയഭാഗത്ത് വലിയ ഉയരത്തിൽ മറയുണ്ടാക്കിയതുമൂലം മറുവശത്തുനിന്നും വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത ബുദ്ധിമുട്ടുണ്ട്. അധികൃതർ ഇക്കാര്യവും ഗൗരവത്തിലെടുത്തിട്ടില്ല.