xl
കുലശേഖരപുരം കടത്തൂരിൽ പാറ്റോലി തോട് കടന്നു പോകുന്ന ഭാഗം

തഴവ: തഴവ, കുലശേഖരപുരം പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ കടന്നുപോകുന്ന പാറ്റോലി തോട് സംരക്ഷിക്കാൻ അധികൃതർ അടിയന്തര നടപടി കൈക്കൊള്ളണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാവുന്നു. ഓച്ചിറ കൊറ്റംപള്ളി മുണ്ടുരുത്തി വയൽ, മഠത്തിൽ കാരാഴ്മ തീപ്പുരവയൽ, ചേന്നാട്ടുശ്ശേരി വയൽ, കുറുങ്ങപ്പള്ളി മഠത്തിൽ വയൽ തുടങ്ങി ഏക്കറുകണക്കിന് പാടശേഖരങ്ങളിലെയും ജനവാസ കേന്ദ്രങ്ങളിലേയും വെള്ളം കരുനാഗപ്പള്ളി ചന്തക്കായലിലേക്ക് ഒഴുകിയെത്തുന്നത് പാറ്റോലി തോട് വഴിയാണ്. എന്നാൽ വ്യാപകമായ കൈയേറ്റങ്ങളും അധികൃതരുടെ അനാസ്ഥയും മൂലം ഇപ്പോൾ തോട് എതാണ്ട് ഉപയോഗശൂന്യമായ നിലയിലാണ്.

കേന്ദ്ര ധനകാര്യ കമ്മിഷൻ അനുവദിക്കുന്ന ടൈഡ് ഫണ്ട് കാര്യക്ഷമമായി ഉപയോഗിക്കാൻ ഗ്രാമ പഞ്ചായത്ത് തയ്യാറായാൽ മൂന്നോ നാലോ വർഷങ്ങൾ കൊണ്ട് തോടിന്റെ സംരക്ഷണം ഉറപ്പുവരുത്താവുന്നതേയുള്ളു. എന്നാൽ കയർ ഭൂവസ്ത്രം പോലെയുള്ള പരമ്പരാഗത സംരക്ഷണ നടപടികളുടെ പേരിൽ അധികൃതർ പണം പാഴാക്കുന്ന അവസ്ഥ തുടരുകയാണെന്നാണ് നാട്ടുകാരുടെ പരാതി.

കൈയേറ്റം മൂലം തോടിന്റെ വീതി കുറയുന്നു

ചന്തക്കായൽ മുതൽ കുറുങ്ങപ്പള്ളിവയൽ വരെ ഏതാണ്ട് അഞ്ചരക്കിലോമീറ്റർ നീളമാണ് തോടിനുള്ളത്. ഒരു കാലത്ത് കരുനാഗപ്പള്ളി ചന്തയിൽ നിന്ന് തഴവ കുതിരപ്പന്തി ചന്തയിലേക്ക് ചരക്ക് നീക്കം നടത്തിയിരുന്ന ഉൾനാടൻ ജലപാതയായിരുന്ന പാറ്റോലി തോടിന് പത്ത് മീറ്ററോളം വീതിയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കൈയേറ്റങ്ങൾ മൂലം തോടിന്റെ ശരാശരി വീതി മൂന്ന് മീറ്റർ മുതൽ ഏഴര മീറ്റർ വരെയായി ചുരുങ്ങിയിരിക്കുകയാണ്.

സംരക്ഷണ ഭിത്തിയില്ല

പല ഭാഗത്തും സംരക്ഷണ ഭിത്തി ഇല്ലാതിരുന്നതാണ് തോടിന്റെ നാശത്തിന്റെ മുഖ്യകാരണം. ചിലയിടങ്ങളിൽ മണ്ണിടിഞ്ഞ് വീണ് നീരൊഴുക്ക് തടസപ്പെട്ടതോടെ മഴക്കാലത്ത് സമീപപ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് വെള്ളക്കെട്ട് മൂലം ദുരിതം അനുഭവിക്കുന്നത്. ഓരോ മഴക്കാലത്തും വിവിധ ജനപ്രതിനിധികൾ സ്ഥലത്തെത്തി പാറ്റോലി തോട് സംരക്ഷിക്കുമെന്ന പ്രഖ്യാപനം നടത്തി മടങ്ങുന്നതല്ലാതെ നടപടികളൊന്നും കൈക്കൊള്ളാറില്ലെന്നാണ് ആക്ഷേപം.