photo
തിരുവനന്തപുരം-ചെങ്കോട്ട അന്തർ സംസ്ഥാന പാതയിലെ തെന്മല ഡാം റോഡിലെ രണ്ടാം വളവ്

പുനലൂർ: തിരുവന്തപുരം - ചെങ്കോട്ട അന്തർ സംസ്ഥാന പാതയിലെ തെന്മല ഡാം റോഡ് അപകടക്കെണിയാവുന്നു. പാത കടന്ന് പോകുന്ന തെന്മല പൊലീസ് സ്റ്റേഷന് സമീപത്തെ ഡാം റോഡിലെ ഒന്നും രണ്ടും വളവുകളാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്. കുത്തിറക്കമുള്ള ഒന്നും രണ്ടും വളവുകളിലെ കൊക്കയിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് ചരക്കുമായെത്തുന്ന ലോറിയടക്കമുള്ള വാഹനങ്ങൾ മറിയുന്നത് പതിവ് സംഭവമാണ്. രണ്ട് ദിവസം മുമ്പ് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് സിമന്റ് കയറ്റിയെത്തിയ ലോറി രണ്ടാം വളവിലെ 35 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞെങ്കിലും ഭാഗ്യവശാൽ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ഇതാണ് ഏറ്റവും ഏറ്റവും ഒടുവിലുണ്ടായ അപകടം. അമിതഭാരവുമായെത്തുന്ന ചരക്ക് ലോറികൾ കൊടും വളവ് തിരിയാതെ പാതയോരത്തെ പാർശ്വഭിത്തിയും തകർത്ത് സമീപത്തെ കൊക്കയിലേക്ക് മറിയുകയാണ്. അര നൂറ്റാണ്ട് മുമ്പ് അശാസ്ത്രീയമായി പണിത തെന്മല ഡാം റോഡിലെ കൊടും വളവ് ഒഴിവാക്കി പകരം പുതിയ റോഡ് പണിതാൽ വാഹനാപകടങ്ങൾ നിയന്ത്രിക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.

കൊടും വളവും കുത്തിറക്കവും

കാൽ നൂറ്റാണ്ടായി അപകടം തുടർന്ന് വരുന്ന കൊടും വളവുകളിൽ അപകട സൂചനാ ബോർഡുകൾ സ്ഥാപിച്ചെങ്കിലും ഇപ്പോഴും വാഹനങ്ങൾ മറിയുന്നത് പതിവ് കാഴ്ചയാണ്. തെന്മല പരപ്പാർ അണക്കെട്ട് നിർമ്മാണ വേളയിലാണ് പഴയ റോഡ് ഉപേക്ഷിച്ച് പുതിയ ഡാം റോഡ് പണിതത്. എന്നാൽ കൊടും വളവും കുത്തിറക്കവും ഒഴിവാക്കി പുതിയ റോഡ് നിർമ്മിച്ചിരുന്നെങ്കിൽ ഒരു പരിധി വരെ വാഹനാപകടങ്ങൾ ഒഴിവാക്കാമായിരുന്നു.

വാഹനം വഴിതിരിച്ചു വിടണം

തമിഴ്നാട്ടിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന ചരക്ക് ലോറികൾ അപകടമേഖലയായ ഡാം റോഡിൽ കയറാതെ തെന്മല ജംഗ്ഷനിൽ നിന്ന് ദേശീയ പാതയിലൂടെ ഒന്നര കിലോമീറ്റർ അധികം സഞ്ചരിച്ച് കല്ലട ഇറിഗേഷന്റെ പത്തേക്കറിലെ പാത വഴി അണക്കെട്ടിന് മുന്നിലൂടെ കടന്ന് പോകുന്ന തിരുവനന്തപുരം റോഡിലെത്തിയാൽ അപകടം ഒഴിവാക്കാം. ഡ്രൈവർമാർ ഈ റൂട്ടിലൂടെ പോകാൻ തയ്യാറാകാത്തതിനാലാണ് അപകടങ്ങൾ വർദ്ധിക്കുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഡാം റോഡ് വഴി തിരുവന്തപുരം ഭാഗത്തേക്ക് വരുന്ന ടോറസ് ലോറിയടക്കം അമിത ലോഡുമായി എത്തുന്ന വലിയ വാഹനങ്ങളെ തെന്മല ജംഗ്ഷനിൽ നിന്ന് തിരിച്ചു പത്തേക്കർ റോഡു വഴി വിടാൻ ബന്ധപ്പെട്ടവർ തയ്യാറായാൽ അപകടങ്ങൾ കുറയ്ക്കാൻ സാധിക്കും.