കരുനാഗപ്പള്ളി : കരുനാഗപ്പള്ളി റഡ്ബുൾസ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കൗണ്ടി ക്രിക്കറ്റ് കാർണിവെല്ലിന് തുടക്കമായി. ജനുവരി 10ന് കാർണിവെൽ സമാപിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സി.ആർ. മഹേഷ് എം.എൽ.എ,​ പോച്ചയിൽ നാസർ എന്നിവർ ചേർന്ന് കരുനാഗപ്പള്ളി കനോസ കോൺവെന്റ് സ്കൂളിന് സമീപത്തെ പ്രത്യേകം തയ്യാറാക്കിയ പവലിയനിൽ ഉദ്ഘാടനം ചെയ്ത കൗണ്ടി ക്രിക്കറ്റ് മത്സരത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 35 ഓളം ടീമുകൾ പങ്കെടുക്കും. വിജയിക്കുന്ന ടീമിന് 35,000 രൂപയും 7.5 അടിയിലധികം ഉയരമുള്ള ട്രോഫിയും സമ്മാനിക്കും. രണ്ടാം സ്ഥാനക്കാർക്ക് 15,000 രൂപയും ട്രോഫിയും നൽകും. 10ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. എല്ലാ ദിവസവും വൈകിട്ട് ഏഴരയോടെ മത്സരങ്ങൾ ആരംഭിക്കും. വാർത്താസമ്മേളനത്തിൽ പി.ജെ. നിഖിൽ, അമൽലാൽ, പോച്ചയിൽ നാസർ എന്നിവർ പങ്കെടുത്തു.