
# പിടികൂടാനെത്തിയ പൊലീസ് സംഘത്തിന്റെ ജീപ്പ് അടിച്ച് തകർത്തു
കൊല്ലം: വീട്ടിലുണ്ടായിരുന്ന ദമ്പതികളെ മതിൽ ചാടിക്കടന്ന് ആക്രമിക്കുകയും സംഭവത്തെ തുടർന്നെത്തിയ പൊലീസ് ജീപ്പ് അടിച്ചുതകർക്കുകയും ചെയ്തയാൾ പിടിയിൽ. വടക്കേവിള മുള്ളുവിള വാറുതുണ്ടിൽ വീട്ടിൽ ബൈജുവാണ് (46) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വെളുപ്പിന് കൊച്ചു കൂനമ്പായിക്കുളം കുഞ്ഞാറ്റ വീട്ടിൽ ശ്രീകാന്തിനേയും ഭാര്യ ഹിൽഡയേയും ഇയാൾ വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. മതിൽ ചാടിക്കടന്ന ഇയാളോട് പുറത്തുപോകാൻ ആവശ്യപ്പെട്ടത്തിൽ പ്രകോപിതനായാണ് അക്രമം നടത്തിയത്. വീടിന്റെ വാതിൽ വെട്ടിപ്പൊളിക്കാൻ ശ്രമിക്കുകയും ലൈറ്റുകളും ജനൽ ഗ്ലാസുകളും അടിച്ച് തകർക്കുകയും ചെയ്തു. വീട്ടിനുളളിൽ അഭയം തേടിയ ദമ്പതികളുടെ നിലവിളി കേട്ട് സമീപവാസികൾ വിവരം പൊലീസിനെ അറിയിച്ചു. ഇരവിപുരം, കൺട്രോൾ റൂം സംഘങ്ങളെത്തി ഇയാളെ പിടികൂടി ജീപ്പിൽ കയറ്റിയെങ്കിലും കുതറിമാറി. പുറത്തിറങ്ങിയ ഇയാൾ ഇരവിപുരം സ്റ്റേഷനിലെ ജീപ്പിന്റെ ഗ്ലാസുകൾ അടിച്ചു തകർത്തു. തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. ഇയാൾക്കെതിരെ ദമ്പതികളെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും സർക്കാർ വാഹനം തകർത്തതിനും കേസുകൾ എടുത്തു. ഇരവിപുരം ഇൻസ്‌പെക്ടർ വി.വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അജിത്ത്, ഷാജി, എ.എസ്.ഐ ജയപ്രകാശ്, സി.പി.ഒ മാരായ കൃഷ്ണകുമാർ, അമ്പു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.