gandhi-
പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ആരംഭിക്കുന്ന ഗാന്ധിജി ക്ലബിന്റെ സംസ്ഥാന തല ഉദ്ഘാടനം ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് നിർവഹിക്കുന്നു

കൊല്ലം : ഗാന്ധിജിയുടെ മൂല്യങ്ങൾ ചേർത്തുപിടിച്ച് വിദ്യാർത്ഥിസമൂഹം പുതിയൊരു മാറ്റത്തിന് തിരിതെളിക്കണമെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. വിദ്യാർത്ഥികളിൽ കാരുണ്യചിന്തയുണർത്തുന്നതിനായി പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ആരംഭിക്കുന്ന ഗാന്ധിജി ക്ലബിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പ്രസ്ക്ലബിലെ ടി.എൻ.ജി ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വേദനാജനകവും മനംമടുപ്പിക്കുന്നതുമായ കാര്യങ്ങളാണ് സമൂഹത്തിൽ ദൈനംദിനം കേട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഗാന്ധിജിയുടെ ആദർശങ്ങൾക്ക് വളരെ പ്രസക്തിയുണ്ട്. ഗാന്ധിഭവൻ ഗാന്ധിജി ക്ലബിലൂടെ ഇത് പകരാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഗാന്ധിഭവൻ പേട്രൺ ചെയർമാനുമായ ടി.കെ.എ. നായർ അദ്ധ്യക്ഷത വഹിച്ചു. ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ വിദ്യാർത്ഥി സൗഹൃദ സന്ദേശ പ്രഖ്യാപനവും ബാലപ്രതിഭകൾക്ക് ആദരവും നൽകി. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, വൈസ്‌ ചെയർമാൻ പി.എസ്. അമൽരാജ്, ഗാന്ധിജി ക്ലബ് സെക്രട്ടറി വിൻസെന്റ് ഡാനിയൽ എന്നിവർ പ്രസംഗിച്ചു.