ചാത്തന്നൂർ: രൂക്ഷമായ ചൂടിൽ ഉണങ്ങിയ പുല്ലിന് തീ പടർന്നത് പോളച്ചിറ തെങ്ങുവിള പ്രദേശത്ത് ഭീതി പരത്തി. രണ്ടു യൂണിറ്റ് ഫയർഫോഴ്‌സ് സംഘം നടത്തിയ ഇടപെടലാണ് ദുരന്തം ഒഴിവാക്കിയത്. പോളച്ചിറ എസ്.വൈ.എസ് യു.പി സ്കൂളിന് സമീപം പാരിപ്പള്ളി സ്വദേശിയുടെ രണ്ട് ഏക്കറോളം വരുന്ന വസ്തുവിലെ പുല്ലിനാണ് തീപിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പരവൂരിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സംഘം ഒന്നര മണിക്കൂറിലേറെ പണിപ്പെട്ടാണ് തീയണച്ചത്. സ്കൂളിന് 25 മീറ്റർ അകലെ വരെ തീ പടർന്നു പിടിച്ചിരുന്നു. സമീപ പ്രദേശ് ഒട്ടനവധി വീടുകൾ ഉണ്ടായിരുന്നെങ്കിലും ഫയർഫോഴ്‌സ് തക്കസമയത്ത് എത്തിയതുകൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു. ബീഡിക്കുറ്റി ആരോ വലിച്ചെറിഞ്ഞതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.
ഫയർഫോഴ്‌സ് പരവൂർ യൂണിറ്റ് സ്റ്റേഷൻ ചാർജ് ഓഫീസർ പി. വിജയകുമാർ, സീനിയർ ഓഫീസർ ബി. ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ സുജിത്ത്, ആദർശ്, അനു, അബ്ബാസ്, ഹോം ഗാർഡ് പ്രിജിത് എന്നിവർ ഉൾപ്പെട്ട സംഘമാണ് തീ അണയ്ക്കാവാൻ നേതൃത്വം നൽകിയത്. വരൾച്ച രൂക്ഷമായതോടെ ചിറക്കര പഞ്ചായത്തിൽ പല പ്രദേശങ്ങളിലും ഇതുപോലെ അപകട ഭീഷണി നിലനിൽക്കുന്നതായി ഗ്രാമ പഞ്ചായത്ത് അംഗം കെ.സുജയ് കുമാർ പറഞ്ഞു. വർഷങ്ങളായി കൃഷി ചെയ്യാതെയോ, പുല്ല് വെട്ടാതെയോ ഇടുന്ന ഭൂമികൾ ഉടമസ്ഥർ അടിയന്തരമായി കൃഷിയോഗ്യമാക്കുകയോ, മികച്ച രീതിയിൽ കൃഷി ചെയ്യുന്നവർക്ക് പാട്ടത്തിന് കൊടുക്കാനോ ശ്രമിക്കണം. ഉടമകൾ ശ്രദ്ധിക്കാതെ കിടക്കുന്ന ഭൂമികൾ കണ്ടെത്തി അവ വൃത്തിയാക്കി തീപിടിത്തം പോലുള്ള അപകട ഭീഷണി കുറയ്ക്കാനായി ഭൂ ഉടമകൾക്ക് നോട്ടീസ് നൽകാൻ ഗ്രാമ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബീച്ചിന് സമീപം മാലിന്യത്തിന് തീപിടിച്ചു
കൊല്ലം: ബീച്ചിന് സമീപം കൊച്ചുപിലാംമൂട്ടിൽ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു. ഇന്നലെ വൈകിട്ട് 6.30ഓടെ കൊച്ചുപിലാംമൂട് പാലത്തിന് സമീപം കൊല്ലം തോടിന്റെ തീരത്താണ് സംഭവം.
മുമ്പ് ഇവിടെയുണ്ടായിരുന്ന മാലിന്യം പൂർണ്ണമായും നീക്കം ചെയ്തെങ്കിലും വീണ്ടും മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുകയായിരുന്നു. ചാമക്കടയിൽ നിന്ന് അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. സ്റ്റേഷൻ ഓഫീസർ ബി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മണിയൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രതീഷ്, വിഷ്ണു, മണികണ്ഠൻ, അശോക് ചന്ദ്രൻ,ഡ്രൈവർ നിഷാദ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.