maliyekkal
മാളിയേക്കൽ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗം

തൊടിയൂർ: കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിൽ മാളിയേക്കൽ ലെവൽ ക്രോസിൽ നിർമ്മിക്കുന്ന മേൽപ്പാലത്തിന്റെ പൈലിംഗ് പൂർത്തിയായതോടെ സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നതായി പരാതി.
പൈലിംഗ് സമയത്ത് അപകടം ഒഴിവാക്കുന്നതിനായി ഈ ഭാഗത്ത് റോഡ് വേർതിരിച്ച്
സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മിക്കതും ഇപ്പോൾ നീക്കം ചെയ്യപ്പെട്ട നിലയിലാണ്. പൈലിംഗ് നടത്തിയ സ്ഥലങ്ങളിൽ എട്ട് അടിയോളം താഴ്ചയുള്ള കുഴികൾ നിർമ്മിച്ചാണ് തുടർ നിർമ്മാണങ്ങൾ നടത്തുന്നത്. ഇവിടെ അപകട സൂചനാ നിഗ്നലുകൾ സ്ഥാപിച്ചിട്ടില്ല. രാത്രി സമയങ്ങളിൽ സഞ്ചരിക്കുന്നവർക്ക് റോഡ് കൃത്യമായി തിരിച്ചറിയാൻ കഴിയാതെ വന്നാൽ അപകടം സംഭവിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
ഇതു വഴി വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ചെറിയ വാഹനങ്ങൾക്ക് നിയന്ത്രണമില്ല. തൊട്ടടുത്തുള്ള ബിവറേജസ് ഔട്ട് ലെറ്റിലേയ്ക്ക് പോകുന്നതുൾപ്പടെ നിരവധി വാഹനങ്ങളാണ് ഇതുവഴി ദിനംപ്രതി കടന്നു പോകുന്നത്. ലെവൽ ക്രോസിന് പടിഞ്ഞാറു ഭാഗത്തെ മുന്നൂറു മീറ്ററോളം വരുന്ന ഭാഗത്താണ് സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ചയുണ്ടായിരിക്കുന്നത്.