കൊല്ലം: കൊവിഡ് ഇനിയും മെരുങ്ങാതെ നിൽക്കുമ്പോൾ പ്രതിസന്ധിയുടെ നടുക്കടലിലേക്ക് നീങ്ങുകയാണ് ടൂറിസ്റ്റ് ബസ് വ്യവസായം. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷമുള്ള കഴിഞ്ഞ 22 മാസത്തിനിടയിൽ ഒരിക്കൽ പോലും നിരത്തിലിറങ്ങാത്ത കോൺട്രാക്ട് ക്യാരേജ് ബസുകളുണ്ട്. ഭൂരിഭാഗം ടൂറിസ്റ്റ് ബസുകളും ഷെഡുകളിൽ വിശ്രമത്തിലാണ്. സീറ്റുകൾ എലി കരണ്ടു. ബോഡി തുരുമ്പെടുത്തു. ബാക്ടറികൾ കേടായി. അറ്റക്കുറപ്പണിക്കുള്ള പണം പോലുമില്ലാതെ ഉടമകൾ വലയുമ്പോൾ നിരത്തിലിറങ്ങാത്ത ബസുകൾക്ക് പോലും റോഡ് ടാക്സ് അടയ്ക്കാൻ നിർബന്ധിക്കുകയാണ് സർക്കാർ.
ഡീസൽ അടിക്കാൻ പോലും പണമില്ലാത്ത ടൂറിസ്റ്റ് ബസുടമകളുണ്ട്. ബസുകൾ വിൽക്കാമെന്ന് കരുതിയാൽ വാങ്ങാൻ ആളില്ല. വിവാഹങ്ങളിലെ ആൾക്കൂട്ട നിയന്ത്രണം മാറാത്തതാണ് ഈ മേഖലയുടെ പ്രധാന പ്രശ്നം. ഉടൻ ഓടിത്തുടങ്ങാമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോൾ വീണ്ടും കൊവിഡ് വ്യാപാനം വർദ്ധിക്കും. ഒരു വിവാഹത്തിന് അഞ്ചും ആറും ടൂറിസ്റ്റ് ബസുകൾ വിളിച്ചിരുന്നിടത്ത് ഇപ്പോൾ ഒന്നിൽ ഒതുങ്ങുകയാണ്. രോഗവ്യാപന ഭീതി തുടരുന്നതിനാൽ തീർത്ഥാടനങ്ങളും വിനോദ യാത്രകളും നടക്കുന്നില്ല. സ്കൂളുകൾ തുറന്നിട്ടും കോൺട്രാക്ട് അടിസ്ഥാനത്തിൽ സ്കൂൾ ബസ് സർവ്വീസ് നടത്തുന്നവർക്കും ഗുണമുണ്ടായില്ല. എത്തുന്ന കുട്ടികളുടെ എണ്ണം കുറവായതിനാൽ ഭൂരിഭാഗം സ്കൂളുകളും ബസ് സർവ്വീസും നടത്തുന്നില്ല. ബസ് ജീവനക്കാരിൽ പലരും മറ്റ് തൊഴിലുകൾ തേടിപ്പോയി. പക്ഷേ ബസ് ഉടമകൾ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനിൽക്കുകയാണ്. വായ്പ എടുത്ത് ബസുകൾ വാങ്ങിയവർ കടം പെരുകി ആത്മഹത്യയുടെ വക്കിലാണ്.
ഓട്ടമില്ല, ടാക്സ് അടയ്ക്കാൻ
നെട്ടോട്ടം !
കഴിഞ്ഞ രണ്ട് മാസമായിട്ടാണ് ചെറിയ കല്യാണ ഓട്ടങ്ങൾ ലഭിക്കുന്നത്. അതിനായി നിരത്തിലിറങ്ങാൻ 85000 മുതൽ 90000 രൂപ വരെ ഇൻഷുറൻസ് അടച്ചു. മാസങ്ങളോളം ഷെഡിൽ കിടന്ന ബസുകൾ ഒരു ലക്ഷം രൂപയിലേറെ ചെലവാക്കി ടെസ്റ്റ് ചെയ്തു. എണ്ണക്കാശ് മാത്രം വാങ്ങി ഓടിത്തുടങ്ങിയപ്പോഴാണ് ആറ് മാസത്തെ റോഡ് ടാക്സ് നിർബന്ധമാക്കിയത്. കടം വാങ്ങിയാണ് പലരും ടെസ്റ്റ് നടത്തി ഇൻഷുറൻസ് അടച്ചത്. ജൂലായ് മുതലുള്ള ആറ് മാസക്കാലത്തെ റോഡ് ടാക്സ് അടയ്ക്കാനുള്ള കാലാവധി കഴിഞ്ഞമാസം 31ന് അവസാനിച്ചു. അതിന് ഏകദേശം 80000 രൂപയെങ്കിലും വേണം. കിട്ടുന്ന ഓട്ടത്തിൽ നിന്ന് ഇനിയുള്ള മൂന്ന് മാസത്തേതെങ്കിലും അടയ്ക്കാമെന്ന് കരുതിയിരിക്കുമ്പോഴാണ് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ക്രൂരത, അയ്യായിരം രൂപയ്ക്ക് ഓട്ടം പോകുന്ന ബസുകൾക്ക് പോലും 7500 രൂപ വരെ റോഡ് ടാക്സ് അടയ്ക്കാത്തതിന് പിഴ.
സർക്കാർ കണ്ണുതുറക്കണം
ലോക്ക്ഡൗൺ കാലത്ത് ക്ഷേമനിധി അംഗങ്ങളായ കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളിലെ ഡ്രൈവർമാർക്ക് 5000 രൂപ വീതം സഹായധനം ലഭിച്ചു. എന്നാൽ വരുമാനമാകെ നിലച്ച ബസ് ഉടമകൾക്ക് ഒരു സഹായവും നൽകിയിട്ടില്ല. കൊവിഡിന് മുമ്പ് സർക്കാർ ഖജനാവിലേക്ക് ഏറ്റവും കൂടുതൽ നികുതി എത്തിയിരുന്ന മേഖലകളിലൊന്നായിരുന്നു കോൺട്രാക്ട് ക്യാരേജ്. ഇപ്പോൾ ഇളവ് തേടി മുട്ടുന്ന വാതിലുകളെല്ലാം ഇവർക്ക് മുന്നിൽ കൊട്ടി അടയ്ക്കപ്പെടുകയാണ്. ഇൻഷുറൻസ് അടയ്ക്കാനും ടെസ്റ്റ് നടത്താനും പണമില്ലാത്തതിനാൽ ബസുകൾ നിരത്തിലിറക്കാൻ കഴിയാത്ത ഉടമകൾക്ക് പലിശരഹിത വായ്പ ലഭ്യമാക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.