കൊട്ടാരക്കര: സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്ന ലക്ഷ്യത്തോടെ കെ.എസ്.ആർ.ടി.സി നടപ്പാക്കിയ ഉല്ലാസ യാത്ര ശ്രദ്ധേയമായി. കെ.എസ്.ആർ.ടി.സി കൊട്ടാരക്കര ഡിപ്പോ സംഘടിപ്പിച്ച കൊട്ടാരക്കര കാപ്പുകാട് നെയ്യാർ ഡാം ലുലുമാൾ കോവളം ബീച്ച് ടൂർ പ്രോഗ്രാമാണ് ജനശ്രദ്ധ നേടിയത്. 8ന് രാവിലെ 5.30ന് 50 യാത്രക്കാരുമായി പുറപ്പെട്ട ഉല്ലാസയാത്രാ സംഘം 7.30ന് കാപ്പുകാട് ആനവളർത്തൽ കേന്ദ്രത്തിൽ എത്തിച്ചേർന്നു. അവടെ ബോട്ടിംഗ് സവാരിക്ക് ശേഷം നെയ്യാർ ഡാമിലേക്കുള്ള യാത്രക്കിടെ മാൻപാർക്കിലും ചീങ്കണ്ണി പാർക്കിലും സന്ദർശനം നടത്തി. തുടർന്ന് നെയ്യാർഡാമിലെത്തി പിന്നീട് ലുലുമാളിലും വൈകിട്ട് കോവളം ബീച്ചിലും എത്തിയ ശേഷം രാത്രി എട്ടരയോടെ കൊട്ടാരക്കരയിൽ മടങ്ങിയെത്തി. ടൂർ പ്രോഗ്രാമിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്കായി 16ന് വീണ്ടും കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് ഉല്ലാസയാത്ര സംഘടിപ്പിച്ചിട്ടുണ്ട്. ഉല്ലാസ യാത്രയിൽ പങ്കെടുക്കുന്നവരുടെ വാഹനങ്ങൾ ഡിപ്പോയിൽ പാർക്ക് ചെയ്യാൻ സൗകര്യമുണ്ടായിരിക്കും. സീറ്റുകൾ ബുക്കു ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി 9495872381, 9446787046 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.