 
കരുനാഗപ്പള്ളി: അഴീക്കൽ ബീച്ചിൽ 7 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ഓപ്പൺ ഒാഡിറ്റോറിയവും മണ്ഡപങ്ങളും ഭാഗികമായി തകർന്നു. കേന്ദ്ര ഗ്രാമീണ ടൂറിസം വകുപ്പിൽ നിന്ന് അനുവദിച്ച 40 ലക്ഷം രൂപ ചെലവഴിച്ചാണ് കടൽത്തീരത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. കേന്ദ്രമന്തിയായിരുന്ന കേ.സി. വേണുഗോപാലിന്റെ ശ്രമഫലമായാണ് പദ്ധതിക്ക് ഫണ്ട് അനുവദിച്ചത്. വിനോദ സഞ്ചാരികൾക്കുള്ള നടപ്പാത, 4 മണ്ഡപങ്ങൾ, ഓപ്പൺ ഒാഡിറ്റോറിയം എന്നിവയാണ് നിർമ്മിച്ചത്. ബീച്ചിലെത്തുന്ന ടൂറിസ്റ്റുകൾക്ക് വിശ്രമിക്കാനും വൈകുന്നേരങ്ങളിൽ കലാപരിപാടികൾ നടത്തുന്നതിനുമായാണ് ഓപ്പൺ ഒാഡിറ്റോറിയവും മണ്ഡപങ്ങളും നിർമ്മിച്ചത്. നിരന്തരമായി കരയിലേക്ക് അടിച്ചുകയറുന്ന തിരമാലകളാണ് മണ്ഡപങ്ങളുടെ നാശത്തിന് കാരണം. ഓപ്പൺ ഒാഡിറ്റോറിയവും നടപ്പാതയും ഏതാണ്ട് പൂർണമായും തകർന്ന നിലയിലാണ്.
കടലാക്രമണം
അഴീക്കൽ തുറമുഖം തിരക്കുഴിക്ക് സമീപത്തായതിനാൽ ഇവിടെ എല്ലായിപ്പോഴും ശക്തമായ തിരമാലകൾ ഉണ്ടാകാറുണ്ട്. ചരിഞ്ഞ് കിടക്കുന്ന സമുദ്രതീരത്തേക്ക് തിരമാലകൾ അടിച്ചുകയറുകയാണ്. ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള സീസണിലാണ് സമുദ്രതീരത്ത് കര വെയ്ക്കുന്നത്. ഈ സമയത്താണ് മിക്കപ്പോഴും നിർമ്മാണം നടത്താറുള്ളത്. മൺസൂൺ സീസൺ ആരംഭിക്കുന്നതോടെ ശക്തമായ തിരമാലകളിൽപ്പെട്ട് കര പൂർണമായും തകർന്ന് വീഴും. ഈ സമയം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ സ്ഥലത്ത് നിന്ന് മണ്ണ് ഇളകി മാറുകയും മണ്ഡപങ്ങൾ തകരുകയും ചെയ്യും.
കടൽത്തീരത്ത് നിന്ന് നിശ്ചിത അകലെ മാറി വേണം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ടത്. ടൂറിസം വകുപ്പും ഹാർബർ എൻജിനിയറിംഗ് വിഭാഗവും സംയുക്തമായി പഠനം നടത്തിവേണം ഇനിയെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ
യു. ഉല്ലാസ്
ആലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
കേന്ദ്ര ഗ്രാമീണ ടൂറിസം വകുപ്പിൽ നിന്ന് അനുവദിച്ച 40 ലക്ഷം രൂപ ചെലവഴിച്ചാണ് കടൽത്തീരത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്