പുത്തൂർ: വെണ്ടാർ ജംഗ്ഷനിൽ പച്ചക്കറിക്കട നടത്തുന്ന വ്യാപാരിയിൽ നിന്ന് പണം തട്ടാൻ ശ്രമം. ശനിയാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. വെണ്ടാർ അശ്വതി വ്യുവിൽ വിദ്യാധരൻ (61) കട അടച്ച് വീട്ടിലേക്ക് പോകാനിറങ്ങവേ രണ്ട് ബൈക്ക് യാത്രക്കാർ ചീരങ്കാവിലേക്കുള്ള വഴി ചോദിച്ചെത്തി. വഴി പറഞ്ഞു കൊടുക്കുന്നതിനിടെ ഇവർ കൈയിൽ കരുതിയിരുന്ന സ്പ്റേ വിദ്യാധരന്റെ കണ്ണിലേക്ക് അടിക്കുകയായിരുന്നു. വ്യാപാരി നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടിയെങ്കിലും ബൈക്ക് യാത്രക്കാർ രക്ഷപ്പെട്ടു. തുടർന്ന് വിദ്യാധരനെ പൂത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു. പുത്തൂർ പൊലീസ് കേസേടുത്ത് അന്വേഷണം ആരംഭിച്ചു.