v
നിതീഷ്

ഏരൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രേമം നടിച്ച് തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. തിരുവനന്തപുരം കൊറ്റംപള്ളി അമ്പലത്തുംകാലായിൽ കുളത്തിൻകര വീട്ടിൽ നിതീഷിനെയാണ് (21) ഏരൂർ പൊലീസ് പിടികൂടിയത്. പെൺകുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച ഏരൂർ പൊലീസ് മണിക്കൂറുകൾക്കുള്ളിൽത്തന്നെ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതാണെന്നും പ്രതി നിതീഷാണെന്നും തിരിച്ചറിഞ്ഞു. എന്നാൽ ഇതിനകം സ്വന്തം നാട്ടിലേയ്ക്ക് കടന്ന പ്രതി കൊറ്റമ്പള്ളിൽ നിന്നും കിലോമീറ്ററുകൾക്കപ്പുറത്ത് മറ്റൊരു സ്ഥലത്ത് ഇറങ്ങി. തൊട്ടടുത്തുള്ള റബ്ബർ തോട്ടത്തിൽ കയറിയ പ്രതി സിംകാർഡ് ഉപേക്ഷിച്ച് മൊബൈലും സ്വിച്ചോഫ് ചെയ്തു. ഇതോടെ മൊബൈൽ പിൻതുടർന്നുള്ള അന്വേഷണം വഴിമുട്ടിയെങ്കിലും പൊലീസ് പിന്മാറിയില്ല. തൊട്ടടുത്ത പ്രദേശങ്ങളിലും അന്വേഷണം നടത്തിയതോടെ പുലർച്ചെ പ്രതിയെ പിടികൂടുകയായിരുന്നു. വൈദ്യപരിശോധനകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഏരൂർ സി.ഐ കെ.എസ്. അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.