ചിന്നക്കട ലെവൽ ക്രോസിൽ സ്ഥിരം സംഭവം
കൊല്ലം: ചിന്നക്കട ലെവൽക്രോസിലെ ഗേറ്റ് കീപ്പർ കാർ യാത്രികന്റെ ജീവൻ അപകടത്തിലാക്കും വിധം, വാഹനം കടന്നുപോകുന്നതിനു മുമ്പ് ഗേറ്റ് അടച്ചു. ഗേറ്റ് കീപ്പറുടെ അശ്രദ്ധയ്ക്കെതിരെ സ്ഥലത്തുണ്ടായിരുന്നവർ സംഘടിച്ച് പ്രതിഷേധിച്ചതോടെ പ്രതികാര ബുദ്ധിയോടെ ഗേറ്റ് അല്പം മാത്രം ഉയർത്തി. ഗേറ്റ് കടക്കുന്നതിനിടെ കമ്പിയിൽ തട്ടി കാറിന്റെ മുകൾഭാഗത്ത് കേടുപാടുകൾ സംഭവിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. മാടൻനടയിലേക്ക് പോകുകയായിരുന്ന കാർ യാത്രികൻ, ലെവൽക്രോസിൽ മറ്റ് വാഹനങ്ങളുടെ പിന്നാലെ ഗേറ്റ് കടക്കവേ ഗേറ്റ് കീപ്പർ അതിവേഗം ഗേറ്റ് അടച്ചു. സാധാരണ ഗതിയിൽ, ഇങ്ങനെ വാഹനങ്ങൾ ഗേറ്റിനുള്ളിൽപ്പെട്ടാൽ അവ കടന്നുപോകാനുള്ള സമയം നൽകാറുണ്ട്. പക്ഷേ, ചിന്നക്കടയിലെ ഗേറ്റ് കീപ്പർ അതിന് തയ്യാറായില്ല. ഇരു ഗേറ്റുകൾക്കും മദ്ധ്യേ പെട്ടുപോയ കാർ യാത്രികൻ പലതവണ അഭ്യർത്ഥിച്ചിട്ടും ഗേറ്റ് കീപ്പർ കേട്ടഭാവം നടിച്ചില്ല. ദുരന്തം സംഭവിക്കുമെന്ന് ഉറപ്പായിട്ടും ഗേറ്റ് കീപ്പർക്ക് അനക്കമുണ്ടായില്ല. മറ്റുള്ളവർ സംഘടിച്ച് പ്രതിഷേധിച്ചതോടെ ഗേറ്റ് കീപ്പർ ലെവൽക്രോസ് തുറക്കാമെന്ന് സമ്മതിച്ചു. പക്ഷേ വാഹനം പിന്നോട്ടെടുക്കണമെന്നായിരുന്നു പിടിവാശി.
സ്ഥലത്തുണ്ടായിരുന്നവരുടെ പ്രതിഷേധം കൂടുതൽ ശക്തമായതോടെ അഞ്ച് മിനിറ്റിന് ശേഷം ഗേറ്റ് അല്പം ഉയർത്തി. പക്ഷേ, കാറിന് സുഗമമായി കടന്നുപോകാൻ കഴിയുമായിരുന്നില്ല. ലെവൽക്രോസിന്റെ കമ്പിയിൽ തട്ടി കാറിന്റെ മുകൾഭാഗത്ത് കാര്യമായ കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞദിവസങ്ങളിലും സമാനമായ സംഭവങ്ങൾ ഉണ്ടായെന്നും ഇതേ ഗേറ്റ് കീപ്പർ ധിക്കാരത്തോടെയാണ് വാഹനയാത്രികരോട് പെരുമാറുന്നതെന്നും വ്യാപകമായ പരാതിയുണ്ട്.