കൊട്ടാരക്കര: കുന്നിക്കോട് ശാസ്ത്രി ജംഗ്ഷൻ കിണറ്റിൻകര കുറ്റിക്കോണം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമായി. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പലതവണ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകി. വിദ്യാർത്ഥികൾ, കശുഅണ്ടി തൊഴിലാളികൾ, വയോജനങ്ങൾ, വികലാംഗർ, രോഗികൾ തുടങ്ങിയവർ ഈ റോഡിലൂടെ കാൽനടയായി യാത്ര ചെയ്യാൻ ഏറെ ബുദ്ധിമുട്ടുകയാണ്. അസംബ്ളി തിരഞ്ഞെടുപ്പിനു മുന്നോടിയായി റോഡ് പണിക്കാവശ്യമായ സാമഗ്രികൾ റോഡിൽ ഇറക്കുകയും നിർമ്മാണോദ്ഘാടനം നടത്തുകയും ചെയ്തിരുന്നു. എത്രയും വേഗം ഈ റോഡ് റീ ടാറിംഗ് നടത്തി പ്രദേശവാസികളുടെ യാത്രാ ക്ളേശം പരിഹരിക്കണമെന്ന് ഐ.എൻ.ടി.യു.സി മേലില മാക്കന്നൂർ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. എബ്രഹാം മുക്കടകല്ലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഐ.എൻ.ടി.യു.സി ചുമട്ടു തൊഴിലാളി ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡൻറ് വി. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. റീജിയണൽ കമ്മിറ്റി സെക്രട്ടറി പി. ബാബു, കൺവീനർ തോമസുകുട്ടി, മുഹമ്മദ് ഹനീഫ, ടി. ജോണി. ഹനീഫ കുഞ്ഞ്, സന്തോഷ് ശരത്, സൈനുദ്ദീൻ എന്നിവർ സംസാരിച്ചു.