v

പത്തനാപുരം : വേനൽ ശക്തമാകുന്നതോടെ കിഴക്കൻ മേഖല പകർച്ചവ്യാധി ഭീതിയിൽ. പകൽ സമയം ശക്തമായ ചൂടാണെങ്കിൽ സന്ധ്യ മുതൽ വെളുപ്പിനു വരെ കടുത്ത മഞ്ഞും തണുപ്പുമാണ്. കാലാവസ്ഥാ വ്യതിയാനത്തിൽ ഇതിനോടകം നിരവധി പേർക്കാണ് ചിക്കൻപോക്‌സ് (പൊങ്ങൻ പനി ) പിടിപ്പെട്ടത്. കൂടാതെ വൈറൽ പനി, ത്വക്ക് രോഗങ്ങൾ, നേത്ര രോഗങ്ങൾ എന്നിവയും കിഴക്കൻ മേഖലയിൽ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നഗര, ഗ്രാമ വ്യത്യാസമില്ലാതെ വിവിധ

രോഗങ്ങൾ പടർന്നുപിടിക്കുകയാണ്.

ചൂടിലും തണുപ്പിലും അസുഖങ്ങൾ ബാധിച്ച് ശാരീരിക ബുദ്ധിമുട്ടുകൾ കൂടി ഉണ്ടാകുന്നതോടെ പൊതുജനം എറെ ദുരിതത്തിലാണ്. ഉൾനാടൻ ഗ്രാമ പ്രദേശങ്ങളിലാണ് പകർച്ചവ്യാധികൾ കൂടുതലായും റിപ്പോർട്ട് ചെയ്യുന്നത്.

ആദിവാസി വിഭാഗങ്ങൾക്കിടയിൽ പടരുന്ന രോഗങ്ങൾക്ക് കൃത്യമായി ചികിത്സ പോലും ലഭിക്കുന്നില്ലന്ന ആക്ഷേപവും ശക്തമാണ്.

ആശങ്ക വേണ്ട,​ ജാഗ്രത മതി
പനി ഒരു രോഗമല്ല, രോഗലക്ഷണമാണ്. പനിയെ ഭയപ്പെടേണ്ട, രോഗിയെ ജാഗ്രതയോടെ പരിചരിക്കുകയാണ് വേണ്ടത്. വൈറൽ പനികൾക്ക് മിക്കപ്പോഴും പലതരം പരിശോധനകളും നിരവധി മരുന്നുകളും ആവശ്യമില്ല.

സാധാരണ വൈറൽപനികൾ സുഖമാവാൻ മൂന്നുമുതൽ അഞ്ചുദിവസംവരെ വേണ്ടിവരാം.

പനിക്കെതിരെയുള്ള എല്ലാ മരുന്നുകളും,​ ഏറ്റവും ലളിതമായ പാരസെറ്റമോൾ പോലും ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കുന്നതാണ് നല്ലത്.
ആശുപത്രിയിലായാലും വീട്ടിലായാലും ശരീരത്തിന് വേണ്ടത്ര ശ്രദ്ധയും പരിചരണവും നൽകേണ്ടതാണ്. രോഗം വേഗം മാറാനും പനിവിട്ടുപോയശേഷമുള്ള ക്ഷീണം കുറയ്ക്കാനും ചൂടുള്ള പാനീയങ്ങൾ ക്രമമായി നിരന്തരം കുടിയ്ക്കുക. ഉപ്പുചേർത്ത കട്ടിയുള്ള കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഇളനീർ എന്നിവ നല്ലതാണ്.

ചിക്കൻപോക്സ്

നേരിയ ചൊറിച്ചിലോടു കൂടെ ആരംഭിക്കുന്ന ദേഹത്തെ ചുവന്നു തിണർത്ത പാടുകൾ വെള്ളം നിറഞ്ഞിരിക്കുന്ന ചെറിയ കുമിളകൾ പോലുള്ള പൊങ്ങലുകളായി മാറുന്നതാണ് ചിക്കൻ പോക്‌സിന്റെ പ്രധാന ലക്ഷണം. കാഴ്ചയിൽ മെഴുക് ഉരുക്കി ഒഴിച്ചാൽ ഉണ്ടാവുന്നത് പോലിരിക്കും. ത്വക്കിൽ കുരുക്കൾ ഉണ്ടാവുന്നതിനു മുൻപ് തന്നെ തലവേദന, പനി, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവ ഉണ്ടാകാം.

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ

 നിർജ്ജലീകരണം തടയാൻ വെള്ളം ധാരാളം കുടിക്കണം

തൊലിപ്പുറത്തുള്ളത് പോലെ തന്നെ, ദഹനേന്ദ്രിയങ്ങളുടെ ഉൾഭാഗത്തും കുരുക്കൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.

ദഹനവ്യവസ്ഥയിലെ അസ്വസ്ഥതകൾ കുറയ്ക്കുവാൻ എണ്ണയുടെയും മസാലകളുടെയും ഉപയോഗം കുറയ്ക്കണം

ആദിവാസി മേഖലയിൽ കുട്ടികളടക്കമുള്ളവർക്ക് ഉണ്ടാകുന്ന പകർച്ചവ്യാധികൾക്ക് പരിഹാരം കാണാൻ ആരോഗ്യ വകുപ്പ് അധികൃതർ തയ്യാറാകണം.

സന്തോഷ് മുള്ളുമല

സംസ്ഥാന പ്രസിഡന്റ്

ആദിവാസി ഡെവലപ്‌മെന്റ് സൊസൈറ്റി


ചിക്കൻ പോക്‌സും നേത്രരോഗങ്ങളും പടരുന്നത് ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ അടിയന്തര ഇടപെടൽ നടത്തണം

ചേത്തടി ശശി

(പൊതുപ്രവർത്തകൻ)