
കൊല്ലം: ജില്ലയിലെ വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളിൽ പ്രശസ്തനായ അബ്ബാസേട്ടിന്റെ ഓർമ്മയ്ക്കായി സൗദി കെ.എം.സി.സി ജില്ലാ കോ ഓർഡിനേഷൻ കമ്മിറ്റി ഏർപ്പെടുത്തിയ അവാർഡിന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. അർഹനായി. മത സൗഹാർദ്ദത്തിനായി നിലകൊണ്ട മികച്ച പൊതുപ്രവർത്തകൻ എന്ന നിലയിലാണ് അദ്ദേഹം അവാർഡിന് അർഹനായതെന്ന് ഭാരവാഹികൾ അറിയിച്ചു. അൻപതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ഫെബ്രുവരി ആദ്യവാരം പള്ളിമുക്കിൽ നടത്തുന്ന ചടങ്ങിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ സമ്മാനിക്കും.
പത്രസമ്മേളനത്തിൽ സൗദി കെ.കെ.സി.സി. ജില്ലാ കോ ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് കന്നേറ്റി ഷറഫുദീൻ, ജൂറി ചെയർമാൻ ശ്യാം സുന്ദർ, ജൂറി അംഗങ്ങളായ മണക്കാട് നജിമുദ്ദീൻ, അഡ്വ. കാര്യറ നസീർ, കെ.എം.സി.സി ജില്ലാ കോ ഓർഡിനേഷൻ കമ്മിറ്റി ട്രഷറർ പള്ളിമുക്ക് നവാസ് എന്നിവർ പങ്കെടുത്തു.