alumpeedika
വിശപ്പ് രഹിത ആലുംപീടിക പദ്ധതിയുടെ ഉദ്ഘാടനം ഓച്ചിറ എസ്.എെ എൽ. നിയാസ് നിർവഹിക്കുന്നു

ഒാച്ചിറ: പണമില്ലാത്തതിനാൽ ഒരു നേരത്തെ ഭക്ഷണം കഴിക്കാനാകാതെ ആലുംപീടിക നിവാസികൾ ഇനി പട്ടിണി കിടക്കേണ്ട. ദുരിതത്തിൽ അകപ്പെട്ടവരെ കണ്ടെത്തി സഹായം എത്തിച്ചു നൽകുന്ന ഒരുകൂട്ടം ചെറുപ്പക്കാർ തുടങ്ങിവെച്ച സംരംഭം നാട്ടുകാർ ഏറ്റെടുത്ത കഥയാണ് 'വിശപ്പ് രഹിത ആലുംപീടിക' പദ്ധതിയുടേത്.

ഓച്ചിറ ആലുംപീടിക കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരുകൂട്ടം ഓട്ടോ തൊഴിലാളികളാണ് ആലുംപീടിക ജംഗ്ഷനിൽ ഭക്ഷണ അലമാര സ്ഥാപിച്ചത്. ഇവിടെ നിന്ന് ഏത് സമയവും ഭക്ഷണം എടുത്ത് കഴിക്കാം. ദിവസവും നിരവധിയാളുകളാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ഭക്ഷണ അലമാരയിൽ നിന്ന് ഊണും ലഘുഭക്ഷണവും കഴിക്കുന്നത്. ലോക്ക്ഡൗൺ കാലത്ത് ജീവിതം വഴിമുട്ടിയ നിരവധിയാളുകൾക്ക് ഇവരുടെ ജീവകാരുണ്യപ്രവർത്തനം തുണയായിരുന്നു. കൊവിഡ് അതിവ്യാപനത്തിന്റെ കാലത്ത് സഹജീവികളെ തങ്ങളോട് ചേർത്തുനിറുത്തുകയാണ് ഈ യുവാക്കൾ. കൊവിഡ് വ്യാപനത്തിന്റെ ആദ്യകാലത്ത് ബന്ധുക്കളും അയൽക്കാരും കൊവിഡ് രോഗികളെ അകറ്റിനിറുത്തിയിരുന്നപ്പോൾ അവർക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കി നൽകിയിരുന്നതും ആശുപത്രിയിൽ എത്തിച്ചിരുന്നതും തികച്ചും സൗജന്യമായായിരുന്നു. ഇല്ലായ്മയിലും ക്ലാപ്പന പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഒരു ലക്ഷത്തിൽ പരം രൂപയുടെ ആവശ്യ വസ്തുക്കളാണ് ഇവർ എത്തിച്ചു നൽകിയത്. തങ്ങളുടെ സ്വകാര്യ സമ്പ്യാദ്യത്തിൽ നിന്നും സുമനസുകളുടെ അകമഴിഞ്ഞ സഹായത്താലുമാണ് ഇത് സാദ്ധ്യമായത്. ഓച്ചിറ ജനമൈത്രി പൊലീസുമായി ചേർന്ന് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ഓട്ടോ തൊഴിലാളി കൂട്ടായ്മയുടെ നേതാക്കളായ അനിൽ പുളിക്കശ്ശേരിയും സോനു മങ്കടത്തറയിലുമാണ്.

പൊതി വിതരണത്തിന്റെ ഉദ്ഘാടനം

ഭക്ഷണഅലമാരയുടെ പൊതി വിതരണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞദിവസം ഓച്ചിറ എസ്.എെ എൽ. നിയാസ് നിർവഹിച്ചു. ക്ലാപ്പന സർവീസ് സഹകരബാങ്ക് പ്രസിഡന്റ് ജി. പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീവ് ഓണമ്പള്ളി, കെ. രാജപ്പൻ, കെ.വി. സൂര്യകുമാർ, കെ.എം. രാജു, പി. ബിന്ദു, ശിവകുമാർ, അബ്ബാമോഹൻ, സജി തുരുത്തിയിൽ, ബി. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. സോനു മങ്കടത്തറ സ്വാഗതവും രജിത് ഇത്താപ്പി നന്ദിയും പറഞ്ഞു.