police
പുനലൂർ ശ്രീരാമപുരം മാർക്കറ്റ് ജംഗ്ഷനിലെ കോൺഗ്രസിന്റെ കൊടിമരം നശിപ്പിക്കാൻ ശ്രമിക്കുന്ന എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു

പുനലൂർ: ഇടുക്കിയിലെ എൻജിനിയറിംഗ് വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രർത്തകർ പുനലൂരിൽ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമാവുകയും കോൺഗ്രസിൻെറ കെടിമരങ്ങൾ തകർക്കുകയും ചെയ്തു. പുനലൂർ ശ്രീരാമപുരം മാർക്കറ്റ് ,കെ.എസ്.ആർ.ടി.സി, പുതിയിടത്ത് ശ്രീകൃഷ്ണ സ്വാമിക്ഷേത്രം തുടങ്ങിയ ജംഗ്ഷനുകളിൽ സ്ഥാപിച്ചിരുന്ന ഐ.എൻ.ടി.യു.സി, കോൺഗ്രസ് തുടങ്ങിയവയുടെ കൊടിമരങ്ങളാണ് നശിപ്പിച്ചത്. ഇത് തടയാൻ ശ്രമിച്ച പൊലീസുമായുണ്ടായ ഉന്തിനും തളളിനുമിടയിൽ ഒരു എസ്.എഫ്.ഐ പ്രവർത്തകൻ കുഴഞ്ഞു വീണു. ഇന്നലെ വൈകിട്ട് 6ന് സി.പി.എം പുനലൂർ ഏരിയാ കമ്മിറ്റി ഓഫീസിന് സമീപത്ത് നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ടൗൺ ചുറ്റിയ ശേഷം മാർക്കറ്റ് ജംഗ്ഷനിൽ സമാപിച്ചു. കൊടിമരങ്ങൾ തകർത്ത സംഭവം അറിഞ്ഞ് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധ പ്രകടനത്തെ തുടർന്ന് ശക്തമായ പൊലീസ് സന്നാഹമാണ് ടൗണിലുള്ളത്.