
 നൂറോളം കുടുംബങ്ങൾ ഗതികേടിൽ
കൊല്ലം: കടവൂർ മുട്ടത്തുമൂല കുന്നുംപുറത്ത്, കോർപ്പറേഷന്റെ നേതൃത്വത്തിൽ കുഴൽകിണർ നിർമ്മിക്കുകയും മോട്ടോർ സ്ഥാപിക്കാൻ ജലവിഭവ വകുപ്പിൽ നിന്ന് പണം നൽകുകയും ചെയ്തിട്ടും കുടിവെള്ളം മാത്രം കിട്ടാക്കനി. കോർപ്പറേഷനിലെ കടവൂർ ഡിവിഷൻ പരിധിയിൽ മഹാദേവ, ടി.എസ്.എസ്, പ്രതീക്ഷ, കെ.കെ നഗറുകളിലെ നൂറോളം കുടുംബങ്ങളാണ് കുടിവെള്ളമില്ലാതെ വലയുന്നത്. നിലവിൽ പരപ്പത്ത് പമ്പ് ഹൗസിൽ നിന്നാണ് പ്രദേശത്ത് വെള്ളമെത്തുന്നത്. ഈ ഭാഗങ്ങൾ താരതമ്യേന ഉയർന്ന മേഖലയായതിനാലാണ് വെള്ളം ലഭിക്കാൻ തടസമാകുന്നത്.
കുന്നുംപുറത്തെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ 2010ൽ സ്ഥാപിച്ച കുഴൽകിണർ ഉപയോഗശൂന്യമായതിനെ തുടർന്ന് 9 ലക്ഷം രൂപ ചെലവിൽ കോർപ്പറേഷൻ കഴിഞ്ഞവർഷം പുതിയത് നിർമ്മിച്ചു. തുടർന്ന് മോട്ടോർ സ്ഥാപിക്കാനായി 2.90 ലക്ഷം രൂപ സെപ്തംബറിൽ ജലവിഭവവകുപ്പിന് നൽകുകയും ചെയ്തു. എന്നാൽ നാലുമാസം പിന്നിട്ടിട്ടും മോട്ടോർ സ്ഥാപിക്കാനോ പമ്പ് ഹൗസ് പ്രവർത്തിപ്പിക്കാനോ വകുപ്പ് അധികൃതർ തയാറായിട്ടില്ല. ഒരാഴ്ചയ്ക്കുള്ളിൽ പമ്പ് പ്രവർത്തനക്ഷമമാകുമെന്നാണ് വകുപ്പ് അധികൃതർ ഇപ്പോൾ നൽകുന്ന മറുപടി. കെടുകാര്യസ്ഥതയും അനാസ്ഥയും മൂലം നിരവധി കുടുംബങ്ങൾക്ക് കുടിവെള്ളം മുടങ്ങിയിട്ടും മുട്ടാപ്പോക്ക് ന്യായം തുടരുകയാണ് ജലവിഭവവകുപ്പ് അധികൃതർ.
# താളം തെറ്റിക്കുന്നത് ഓട്ടോമേറ്റഡ് പമ്പിംഗ് സിസ്റ്റം
സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ പമ്പ് ഹൗസ് സ്ഥാപിച്ചപ്പോൾ ആ വ്യക്തിക്ക് പമ്പിംഗിന്റെ ചുമതല കൂടി ജലവിഭവ വകുപ്പ് നൽകിയിരുന്നു. ഓട്ടോമേറ്റഡ് പമ്പിംഗ് സിസ്റ്റത്തിലേക്ക് പമ്പ് ഹൗസ് മാറുന്നതോടെ പമ്പിംഗിന് ആളുവേണ്ട. സ്ഥലത്തിന് വാടകയോ വിലയോ നൽകാതെ പമ്പ് ഹൗസ് പ്രവർത്തിപ്പിക്കുമ്പോൾ സ്വകാര്യവ്യക്തിക്ക് ഗുണങ്ങളൊന്നും ഉണ്ടാകില്ലെന്നിരിക്കെ നിയമപ്രശ്നങ്ങളിലേക്കു പോകാനുള്ള സാദ്ധ്യതയും മുന്നിലുണ്ട്. പമ്പ് ഹൗസുകളിൽ സ്ഥാപിക്കുന്ന മോട്ടോറുകൾ മൊബൈൽ ഫോണിന്റെ സഹായത്തോടെ പ്രവർത്തിപ്പിക്കുന്ന സംവിധാനമാണ് ഓട്ടോമേറ്റഡ് പമ്പിംഗ് സിസ്റ്റം. പത്ത് മുതൽ ഇരുപത് വരെ പമ്പ് ഹൗസുകൾ ബേസ് ഹൗസുകളിലിരുന്ന് പ്രവർത്തിപ്പിക്കാൻ കഴിയും.