v

കൊല്ലം: കഴിഞ്ഞ ഭരണസമിതിയുടെ അവസാനകാലത്ത് കോർപ്പറേഷൻ കൗൺസിൽ യോഗത്തിന്റെ മിനുട്സ് തിരുത്തിയ സംഭവത്തിൽ ബി.ജെ.പി അംഗങ്ങൾ വിശദ അന്വേഷണം ആവശ്യപ്പെട്ടത് രൂക്ഷമായ വാക്പോര് സൃഷ്ടിച്ചു. മിനുട്സ് തിരുത്തിയ സംഭവത്തിൽ അന്നത്തെ സെക്രട്ടറിയെയും കൗൺസിൽ ക്ലർക്കിനെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ചതിനെതിരെയാണ് ബി.ജെ.പി അംഗങ്ങൾ രംഗത്തെത്തിയത്. സർക്കാർ നടപടിയിൽ നഗരസഭയ്ക്ക് ഇടപെടാനാകില്ലെന്ന് പറഞ്ഞ് ഭരണപക്ഷം പ്രതിരോധിച്ചതോടെ വാക്പോര് രൂക്ഷമാവുകയായിരുന്നു.

മിനുട്സ് തിരുത്തലിൽ സ്വകാര്യ വ്യക്തി വിജിലൻസിന് നൽകിയ പരാതിയിലാണ് സർക്കാർ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ചത്. ഇപ്പോൾ നഗരകാര്യ ജോയിന്റ് ഡയറക്ടായ മുൻ സെക്രട്ടറിയെ സംരക്ഷിക്കാൻ നഗരകാര്യ ഡയറക്ടർ വസ്തുതകൾ വളച്ചൊടിക്കുകയായിരുന്നുവെന്ന് ബി.ജെ.പി കൗൺസിലർ ഗിരീഷ് ആരോപിച്ചു. സ്വപ്ന പദ്ധതി നടപ്പിലാക്കാൻ വേണ്ടി കടപ്പാക്കടയിൽ വിട്ടുകിട്ടിയ ഭൂമി ഏറ്റെടുക്കുന്നത് തടയാൻ മതിൽ നിർമ്മിക്കാനുള്ള അജണ്ടയാണ് മിനുട്സ് തിരുത്തി അട്ടിമറിച്ചത്. അത് ഭൂമി കൈയേറി വിറ്റവരെ സംരക്ഷിക്കാനാണ്. ഇക്കാര്യത്തിൽ വിശദ അന്വേഷണം വേണമെന്നും ഗിരീഷ് ആവശ്യപ്പെട്ടു. ഇതിനിടെ ബി.ജെ.പി കൗൺസിലർ കൗൺസിൽ യോഗത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന ആരോപണവുമായി ഡെപ്യൂട്ടി മേയർ കൊല്ലം മധു രംഗത്തെത്തി. ഇരുകൂട്ടരും തമ്മിലുണ്ടായ തർക്കം അരമണിക്കൂറിലേറെ നീണ്ടു.

മിനുട്സ് തിരുത്തിയതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പൊതുജനങ്ങൾക്കിടിയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ കോർപ്പറേഷൻ അധികൃതർ വ്യക്തത വരുത്തണമെന്നും ആർ.എസ്.പി കൗൺസിലർ പുഷ്പൻ ആവശ്യപ്പെട്ടു. മിനുട്സ് തിരുത്തി കൈയേറ്റം മറച്ച നഗരസഭ ഭൂമി തിരിച്ചുപിടിക്കാത്തതിൽ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് ധരിച്ചാണ് ബി.ജെ.പി കൗൺസിലർമാർ ഇന്നലെ യോഗത്തിന് എത്തിയത്.