 
പത്തനാപുരം: റോഡ് വശങ്ങളിലും കവലകളിലും സ്ഥാപിച്ചിരുന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങൾ പഞ്ചായത്ത് അധികൃതർ അറുത്തുമാറ്റി. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു പത്തനാപുരം പഞ്ചായത്തും പൊലീസും കടുത്ത നടപടിയിലേക്ക് നീങ്ങിയത്. ഇന്നലെ രാവിലെ പത്ത് മണിയോടെ ആരംഭിച്ച കൊടിമരം നീക്കം ചെയ്യൽ വൈകിട്ട് വരെ തുടർന്നു. ഇന്നും തുടരാനാണ് തീരുമാനം.
ഒരാഴ്ച മുമ്പ് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ച് അറിയിപ്പ് നൽകിയിരുന്നതായി പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ പറഞ്ഞു. വനംവകുപ്പിന്റെ ഡിപ്പോയ്ക്ക് സമീപത്തുളള എസ്.എഫ്.ഐയുടെ കൊടിമരം നീക്കം ചെയ്തത് പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റത്തിന് ഇടയാക്കി. സംഘടിച്ചെത്തിയ വിദ്യാർത്ഥി നേതാക്കൾ കൊടിമരം വീണ്ടും പുനസ്ഥാപിച്ചങ്കിലും പിന്നീട് എടുത്തുമാറ്റി. ഇടുക്കിയിൽ എൻജീനിയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ച സംഭവത്തിൽ തിങ്കളാഴ്ച പത്തനാപുരത്ത് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിനിടെ സെന്റ് സ്റ്റീഫൻസ് സ്കൂളിന് സമീപം റോഡിൽ സ്ഥാപിച്ചിരുന്ന കെ.എസ്.യുവിന്റെ കൊടിമരം നശിപ്പിച്ചിരുന്നു. സംഭവത്തെ തുടർന്ന് ഇരുവിഭാഗത്തിലെ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കൈയ്യാങ്കളിയും നടന്നിരുന്നു. പൊലീസും മുതിർന്ന നേതാക്കളും ഇടപെട്ടാണ് സംഘർഷം ഒഴിവാക്കിയത്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പഞ്ചായത്തും പൊലീസും ചേർന്ന് എല്ലാ പാർട്ടികളുടെയും കൊടിമരങ്ങളും ഫ്ലക്സുകളും നീക്കം ചെയ്തത്.