കൊല്ലം: കുന്നിക്കോട് - പത്തനാപുരം റോഡിൽ ആവണീശ്വരത്തെ ലെവൽക്രോസിലെ കുരുക്ക് നീങ്ങും, ഇവിടെ മേൽപ്പാലം നിർമ്മിക്കുന്നതിന്റെ ആദ്യഘട്ട നടപടിക്രമങ്ങൾ ആരംഭിച്ചു. റെയിൽവേ മന്ത്രാലയം മേൽപ്പാലത്തിന് അനുമതി നൽകിയതായി നാല് മാസം മുൻപ് സ്ഥലം സന്ദർശിച്ച ഡിവിഷണൽ മാനേജർ ആനന്ദ് വ്യക്തമാക്കിയിരുന്നു. മധുര ഡിവിഷനിൽ നിന്ന് റെയിൽവേ എൻജിനീയറിംഗ് വിഭാഗം സ്ഥലത്തെത്തി ആദ്യഘട്ട വിലയിരുത്തൽ നടത്തി. മേൽപ്പാലത്തിന്റെ ഡിസൈൻ, പ്ളാൻ, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കി റെയിൽവേ മന്ത്രാലയത്തിന്റെ അന്തിമ അനുമതിയ്ക്കായി സമർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. അടുത്ത ബഡ്ജറ്റിൽ ഉൾപ്പെടുത്തി സംസ്ഥാനം തുക വകയിരുത്തേണ്ടതുണ്ട്. സംസ്ഥാന വിഹിതം ചേർത്തുമാത്രമേ മേല്പാലം നിർമ്മിക്കാൻ കഴിയുകയുള്ളു. അപ്രോച്ച് റോഡ് നിർമ്മിക്കേണ്ടതും സംസ്ഥാന സർക്കാരാണ്. തുക അനുവദിക്കുന്നതോടെ മേല്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾ ആരംഭിക്കും.
ഗതാഗത കുരുക്ക് രൂക്ഷം
ട്രെയിൻ കടന്ന് പോകുന്ന വേളകളിലെല്ലാം പത്തനാപുരം- കുന്നിക്കോട് പാതയിൽ ആവണീശ്വരത്ത് വലിയ തോതിൽ ഗതാഗത കുരുക്ക് അനുഭവപ്പെടാറുണ്ട്. കുന്നിക്കോട് ടൗണിൽ നിന്ന് ഒരു കിലോമീറ്റർ അകലെയായാണ് ആവണീശ്വരം റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ട്രെയിൻ കടന്നുപോയി ലെവൽ ക്രോസ് തുറന്ന് ഏറെക്കഴിഞ്ഞാലും കുരുക്കഴിയാൻ ബുദ്ധിമുട്ടാണ്. ആംബുലൻസുൾപ്പടെയുള്ള വാഹനങ്ങളെല്ലാം ഇവിടെ നിറുത്തി ഇടേണ്ട സ്ഥിതിയാണ്.
പ്രതീക്ഷയോടെ നാട്ടുകാർ
പത്തനാപുരം - കുന്നിക്കോട് - ചെങ്ങമനാട് - വാളകം പാത ശബരിപാതയായി വികസിപ്പിച്ചതോടെ വലിയ വാഹനത്തിരക്കുണ്ട്. പുനലൂർ - മൂവാറ്റുപുഴ പാത മലയോര ഹൈവേയുടെ ഭാഗമാകുന്നതോടെ പത്തനാപുരത്ത് നിന്ന് കുന്നിക്കോട് വഴി എം.സി റോഡിൽ വാളകത്ത് എത്തുന്ന വാഹനങ്ങളുടെ എണ്ണം ഇനിയും കൂടും. മേല്പാലത്തിന്റെ നിർമ്മാണത്തെ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുയാണ് നാട്ടുകാർ.