photo
അങ്കണവാടി പ്രവർത്തിക്കുന്ന കെട്ടിടം

കൊല്ലം: നഗരസഭയും മഹിളാസമാജവും തമ്മിൽ ഭൂമിയെച്ചൊല്ലി അവകാശത്തർക്കം, അങ്കണവാടിയുടെ പ്രവർത്തനം പ്രതിസന്ധിയിൽ. കൊട്ടാരക്കര കിഴക്കേക്കരയിലെ 66 കെ.വി റോഡിന് അരികിലായി വാട്ടർ അതോറിട്ടി ഓഫീസിന് സമീപത്തെ പത്തൊമ്പതര സെന്റിനെച്ചൊല്ലിയാണ് തർക്കം. ഇവിടെ പഴയൊരു കെട്ടിടവും ബാക്കി ഭൂമിയും വെറുതെ കിടന്ന് നശിക്കുകയുമാണ്. കെട്ടിടത്തിന് ആറ് പതിറ്റാണ്ടിലധികം പഴക്കമുണ്ട്. ഇതിലൊരു ചെറിയ മുറിയിലാണ് കൊട്ടാരക്കര നഗരസഭയിലെ ഒമ്പതാം വാർഡിൽപ്പെടുന്ന ഇരുപത്തിയഞ്ചാം നമ്പർ അങ്കണവാടി പ്രവർത്തിക്കുന്നത്. മാസം ആയിരം രൂപ വാടക നൽകിയാണ് അങ്കണവാടിയുടെ പ്രവർത്തനം. മറ്റ് മുറികളിൽ ഒന്ന് മീറ്റിംഗുകൾ കൂടാനും മറ്റും വാടകയ്ക്ക് നൽകാറുമുണ്ട്. ഒരു മുറി മഹിളാ സമാജം ഓഫീസും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിച്ചുവരുന്നു. മുമ്പ് തയ്യൽ സ്കൂൾ പ്രവർത്തിച്ചിരുന്നത് ഇവിടെയാണ്. കെട്ടിടത്തിന് മുമ്പിലെ ഭൂമി മുമ്പ് നാട്ടുകാരുടെ കളിസ്ഥലമായിരുന്നു. വാട്ടർ അതോറിട്ടി ഓഫീസിലെത്തുന്നവരുൾപ്പടെ ഇവിടം വാഹന പാർക്കിംഗിന് ഉപയോഗിക്കാൻ തുടങ്ങിയതോടെ അന്യവാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ച് നഗരസഭ ബോർഡ് സ്ഥാപിച്ചു. തൊട്ടുപിന്നാലെ കൊട്ടാരക്കര മഹിളാ സമാജവും ബോർഡുമായി രംഗത്തെത്തി.

ഭൂമി അളന്ന്

തിട്ടപ്പെടുത്താനായില്ല

കൊട്ടാരക്കര മഹിളാസമാജത്തിന്റെ പേരിലാണ് ഭൂമിക്ക് കരം അടയ്ക്കുന്നത്. എന്നാൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണ് ഭൂമിയെന്നാണ് മറുവാദം. പൊതുസ്ഥലം മഹിളാ സമാജത്തിന് പതിച്ചുനൽകിയതിന്റെ രേഖകളൊന്നും ലഭ്യമല്ല. ഇതാണ് തർക്കം രൂക്ഷമാകാൻ പ്രധാന കാരണം. നഗരസഭ കൗൺസിലറാണ് മഹിളാ സമാജത്തിന്റെയും പ്രധാന ഭാരവാഹി. അതുകൊണ്ടുതന്നെ തർക്കം പരിഹരിക്കാൻ പ്രാപ്‌തമായ ഒരു തീരുമാനമെടുക്കാൻ

നഗരസഭയ്ക്കും കഴിയുന്നില്ല. നവംബറിൽ ഭൂമി അളന്ന് തിട്ടപ്പെടുത്താനുള്ള ശ്രമം നടന്നപ്പോഴും തർക്കം രൂക്ഷമായിരുന്നു.

അങ്കണവാടി

അവതാളത്തിൽ

സംസ്ഥാനത്തെ എല്ലാ അങ്കണവാടികൾക്കും സ്വന്തം കെട്ടിടം നിർമ്മിക്കാനാണ് സർക്കാർ തീരുമാനം. കൊട്ടാരക്കര നഗരസഭയും ഇക്കാര്യത്തിൽ വലിയ താത്പര്യമെടുത്തുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണ്. അപ്പോഴാണ് നഗരസഭയുടെ ഭൂമിയിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് മാസവാടക കൊടുക്കേണ്ട ഗതികേട്. നഗരസഭയുടേതല്ല ഭൂമിയെന്ന് മറുവാദമുണ്ടെങ്കിലും അവതാളത്തിലാകുന്നത് അങ്കണവാടിയുടെ പ്രവർത്തനമാണ്. കെട്ടിടം നിർമ്മിക്കാൻ മറ്റെവിടെയും ഭൂമി ലഭ്യമായിട്ടുമില്ല. തർക്കം പരിഹരിച്ചാൽ ഇവിടത്തന്നെ അങ്കണവാടിക്ക് മനോഹരമായ കെട്ടിടം നിർമ്മിക്കാമെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. ശേഷിക്കുന്ന ഭൂമി മറ്റ് പ്രവർത്തനങ്ങൾക്കും മാറ്റാവുന്നതാണ്. അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്നത് കാരണം അങ്കണവാടിയിലേക്ക് കുട്ടികളെ അയയ്ക്കാൻ രക്ഷിതാക്കൾ മടിക്കുകയാണ്. കൊവിഡ് പശ്ചാത്തലത്തിൽ കുട്ടികളെത്തുന്നില്ലെങ്കിലും 12 കുട്ടികളാണ് രജിസ്റ്രറിലുള്ളത്. മെച്ചപ്പെട്ട സുരക്ഷിത സൗകര്യങ്ങളൊരുക്കിയാൽ അങ്കണവാടിയിലേക്ക് കൂടുതലായി കുട്ടികളെത്തും.