 
കൊല്ലം: അപവാദ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തി എൻ.കെ. പ്രേമചന്ദ്രൻ എം.പിയെയും ഒപ്പം ആർ.എസ്.പിയെയും അപകീർത്തിപ്പെടുത്താനുള്ള സി.പി.എം അജണ്ടയ്ക്ക് കനത്ത തിരിച്ചടി നൽകുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പറഞ്ഞു.
ജനാധിപത്യ മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുകയാണ് സി.പി.എം. അപവാദ പ്രചാരണങ്ങളിലൂടെ എൻ.കെ. പ്രേമചന്ദ്രനെ ഇകഴ്ത്തിക്കാട്ടാൻ സി.പി.എം നടത്തിയ പരിശ്രമങ്ങൾക്ക് കൊല്ലത്തെ ജനങ്ങൾ നൽകിയ മറുപടിയാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം. അപവാദ പ്രചാരണത്തിലൂടെ തളർത്താൻ കഴിയില്ലെന്ന ഉത്തമബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് കായികമായ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. സി.പി.എം എഴുതി തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് എം.പിയെ വസ്തുവിവാദത്തിലേക്ക് വലിച്ചിഴച്ചതും വ്യക്തിഹത്യ ചെയ്യുന്നതും. ആർ.എസ്. ഉണ്ണിയുടെ പേരക്കുട്ടികളുടെ അവകാശം ലഭ്യമാക്കുന്നതിന് സഹായകരമായ നടപടിയാണ് എം.പിയും ആർ.എസ്.പിയും തുടക്കം മുതൽ സ്വീകരിച്ചിട്ടുള്ളത്. ചവറയിൽ എം.പിയെ കായികമായി ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിച്ചശേഷം അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി ഉപരോധിച്ചത് എന്ത് രാഷ്ട്രീയ മര്യാദയാണെന്ന് സി.പി.എം നേതൃത്വം വക്തമാക്കണം.
എം.പിയുടെ പേരിൽ ശക്തികുളങ്ങര പൊലീസ് കളവായ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ട്. യാതൊരു വിധ കുറ്റകൃത്യത്തിലും ഉൾപ്പെടാത്ത എം.പിക്കെതിരെ ശക്തികുളങ്ങര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അധികാര ദുർവിനിയോഗവും പകപോക്കൽ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും എ.എ.അസീസ് പറഞ്ഞു.