epose

 പൊല്ലാപ്പായി മെഷീനിന്റെ മെല്ലെപ്പോക്ക്

കൊല്ലം: ഇ-പോസ് യന്ത്രത്തിന്റെ മെല്ലെപ്പോക്ക് രൂക്ഷമായതോടെ ജില്ലയിൽ റേഷൻ വിതരണം ഇന്നലെ ഭാഗികമായി സ്തംഭിച്ചു. സാധാരണ ഗതിയിൽ, ഓരോ മാസത്തെയും ആദ്യദിനങ്ങളിൽ ജില്ലയിൽ ശരാശരി 15,000 പേരെങ്കിലും റേഷൻ വാങ്ങാൻ എത്തിയിരുന്നു. എന്നാൽ ഇന്നലെ വൈകിട്ട് ആറു വരെ 6,762 പേർക്ക് മാത്രമാണ് റേഷൻ നൽകിയത്.

കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഇ പോസ് മെഷീൻ പണിമുടക്ക് തുടങ്ങിയത്. ഇന്നലെ റേഷൻകടകളിലെത്തിയ ഉപഭോക്താക്കൾ പലതവണ വിരലമർത്തിയിട്ടും യന്ത്രം വിരലടയാളം തിരിച്ചറിഞ്ഞില്ല. ചിലപ്പോൾ അഞ്ചും ആറും തവണ അമർത്തുമ്പോൾ ഇടപാടിലേക്ക് കടക്കാനാകും. പക്ഷെ അനുവദിച്ചിട്ടുള്ള ഭക്ഷ്യവിഹിതം ലഭ്യമാകില്ല. ഇതോടെ ശ്രമം റദ്ദാക്കും. ചിലപ്പോൾ ഉപഭോക്താവിനുള്ള ഭക്ഷ്യധാന്യങ്ങൾ തിരഞ്ഞെടുക്കാനാകും. പക്ഷേ ബില്ല് തയ്യാറാകില്ല. പല കടകളിലും ഉപഭോക്താക്കൾ ഒരു മണിക്കൂർ വരെ കാത്തുനിന്നു. ഉപഭോക്താക്കൾ പ്രതിഷേധിച്ചതോടെ 11 മണിയോടുകൂടി ജില്ലയിലെ പല റേഷൻ കടകളും അടച്ചു. വൈകിട്ട് തുറക്കാതിരുന്ന റേഷൻകടക്കാരെ ഉദ്യോഗസ്ഥർ നിർബന്ധിച്ച് തുറപ്പിച്ചെങ്കിലും കാര്യമായ വിതരണം നടത്താനായില്ല.

പൊതുവിതരണ വകുപ്പിന്റെയും ഹൈദരാബാദിലെ ആധാർ കേന്ദ്രത്തിന്റെയും സെർവറുകൾ തമ്മിലുള്ള ബന്ധം നഷ്ടമായതാണ് ഇ-പോസ് യന്ത്രത്തിന്റെ വേഗക്കുറവിനു കാരണമെന്ന് ജില്ല സപ്ലൈ ഓഫീസർ പറഞ്ഞു. പ്രശ്നപരിഹാരത്തിന് ശ്രമം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.