കൊല്ലം: എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ കരീപ്രയിൽ നടത്തിയ രാത്രികാല പരിശോധനയിൽ മൂന്നേകാൽ കിലോ കഞ്ചാവ് പിടികൂടി. കരീപ്ര ചൂര പൊയ്കയിൽ അമ്പിളി വിലാസം വീട്ടിൽ അനീഷിനെതിരെ (34) കേസെടുത്തു. ഓടി രക്ഷപ്പെട്ട മറ്റൊരാളെ കണ്ടെത്താനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ, കരീപ്രയിലുള്ള വീട്ടിൽ നിന്ന് മൊത്തക്കച്ചവടത്തിന് പോകുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. വീടിനോട് ചേർന്നുള്ള പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റിന്റെ മറവിലായിരുന്നു കഞ്ചാവ് വിൽപ്പന. സംസ്കരിച്ചെടുക്കുന്ന പ്ലാസ്റ്റിക് തമിഴ്നാട്ടിൽ എത്തിച്ചാണ് വിവിധതരത്തിലുള്ള ഉത്പന്നങ്ങളാക്കി മാറ്റുന്നത്. സ്വന്തം നാഷണൽ പെർമിറ്റ് ലോറിയിൽ തമിഴ്നാട്ടിൽനിന്ന് കഞ്ചാവ് എത്തിച്ച് കരിപ്ര, എഴുകോൺ കേന്ദ്രീകരിച്ച് മൊത്തവില്പന നടത്തുന്നതാണ് അനീഷിന്റെ രീതി. പിടികൂടിയ കഞ്ചാവിന് രണ്ടുലക്ഷത്തോളം രൂപ വിലവരും. പ്രതിയുടെ വാഹനം അടക്കമുള്ള സാമ്പത്തിക ഇടപാടുകളെപ്പറ്റി അന്വേഷണം നടത്തുമെന്നും കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ബി. സുരേഷ്, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ വി. റോബർട്ട് എന്നിവർ അറിയിച്ചു.