nagoor-58

കൊട്ടാരക്കര : എം.സി റോഡിൽ വാളകം ജം​ഗ്ഷനിൽ യാത്രക്കാരെ ഇറക്കാനായി നിർത്തിയിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിൽ മിനി ലോറി ഇടിച്ച് ഡ്രൈവർ മരിച്ചു. ലോറി ഡ്രൈവർ ആയൂർ കാരാളിക്കോണം റംസി മൻസിലിൽ നാ​ഗൂർഖനി (58) ആണ് മരിച്ചത്. ക്ലീനർ കാരാളിക്കോണം ജയരാജ് ഭവനിൽ സത്യനെ(55) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.ആർ.ടി.സി ഡ്രൈവർ കുഴിമതിക്കാട് പണയിൽ മേലതിൽ സുരേഷ് കുമാർ(54), യാത്രക്കാരി തിരുവനന്തപുരം വെള്ളറട അമീഷ് ഭവനിൽ ലില്ലിക്കുട്ടി(44) എന്നിവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയോടെ വാളകം ജംഗ്ഷനിലായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന കൊട്ടാരക്കര ഡിപ്പോയിലെ ബസാണ് ആളെ ഇറക്കുന്നതിനായി വാളകത്ത് നിർത്തിയിട്ടിരുന്നത്. അതേസമയം കൊട്ടാരക്കരയിൽ നിന്ന് ആയൂരിലേക്ക് വന്ന മിനി ലോറി നിയന്ത്രണം വിട്ട് ബസിന്റെ മുൻവശത്ത് വന്നിടിക്കുകയായിരുന്നു. ഉടൻ തന്നെ ഡ്രൈവറെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ : റസീന ബീവി. മക്കൾ : റംസീന, റിൻസീന. മരുമക്കൾ : നിസാമുദ്ദീൻ, മുഹമ്മദ് ഷാ. ലോറി ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്ന് സംശയിക്കുന്നു. കൊട്ടാരക്കര പൊലീസ് കേസെടുത്തു.