kollam-

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള വികസന രൂപരേഖയ്ക്ക് ദക്ഷിണ റയിൽവെയുടെ അംഗീകാരം. ജനറൽ മാനേജരുടെ നേതൃത്വത്തിൽ കൂടിയ, എം.പിമാരുടെ യോഗത്തിന് ശേഷമാണ് തീരുമാനം.

റയിൽവേയുടെ ഫണ്ട് ഉപയോഗിച്ച് സതേൺ റയിൽവേ നിർമ്മാണവിഭാഗം ഇ.പി.സി (എൻജിനീയറിംഗ്, പ്രോക്യുവർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ) മോഡലിലായിരിക്കും പദ്ധതി നടപ്പാക്കുക. രൂപരേഖ മുതൽ പൂർത്തീകരണം വരെയുള്ളവ കരാറുകാരന്റെ പൂർണ ഉത്തരവാദിത്വത്തിൽ നടത്തുന്നതാണ് ഇ.പി.സി. നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിലുള്ള കാലതാമസം ഇ.പി.സി വഴി ഒഴിവാക്കാനാകും. വാണിജ്യ സമുച്ചയവും റെയിൽവേ പരിശീലന ഇൻസ്​റ്റിറ്റ്യൂട്ടും ഉൾപ്പെടെയുളള സൗകര്യങ്ങളും ഇതോടൊപ്പമുണ്ടാകും. 2023 ഡിസംബറിന് മുമ്പ് നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കൊല്ലത്ത് പി​റ്റ് ലൈൻ സ്ഥാപിക്കുന്നത് പരിഗണിക്കാനും യോഗത്തിൽ തീരുമാനമായി.

കുണ്ടറ ഉൾപ്പെടെയുള്ള ആർ.ഒ.ബികളുടെയും അണ്ടർപാസുകളുടെയും ആവശ്യകതയും പുരോഗതിയും വിലയിരുത്താൻ റെയിൽവേ, സംസ്ഥാന റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ സംയുക്ത യോഗം എം.പി യുടെ സാന്നിദ്ധ്യത്തിൽ വിളിച്ചു ചേർക്കാനും യോഗം തീരുമാനിച്ചു. ഒക്ടോബർ അവസാനവാരം ചെന്നൈയിൽ റെയിൽവേ അധികൃതരും എൻ.കെ. പ്രേമചന്ദ്രൻ എം.പിയും തമ്മിൽ നടന്ന യോഗത്തിലാണ് കൊല്ലത്തെ അന്താരാഷ്ട്ര നിലവാരമുള്ള റെയിൽവേ സ്റ്റേഷനാക്കാൻ തീരുമാനമുണ്ടായത്.

# യോഗത്തിലെ മറ്റ് തീരുമാനങ്ങൾ

 കൊവിഡ് പശ്ചാത്തലത്തിൽ നിറുത്തിയ ട്രെയിനുകൾ ഘട്ടംഘട്ടമായി പുനസ്ഥാപിക്കും

 ട്രെയിനുകൾക്ക് മുമ്പുണ്ടായിരുന്ന സ്​റ്റോപ്പുകൾ പുനസ്ഥാപിക്കുന്നത് പരിശോധിക്കും

 സീസൺ ടിക്ക​റ്റ് രോഗവ്യാപനം കുറയുന്ന മുറയ്ക്ക് പുന:സ്ഥാപിക്കും

 ഇരവിപുരം റെയിൽവേ സ്​റ്റേഷനിലെ മേൽപ്പാലം, ഹൈലെവൽ പ്ലാ​റ്റ്‌ഫോം എന്നിവയുടെ നിർമ്മാണം ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് ആരംഭിക്കും

 കിളികൊല്ലൂർ സ്​റ്റേഷനിൽ കാൽനട മേൽപ്പാലത്തിന് അനുമതി നൽകി നടപടികൾ പുരോഗമിക്കുന്നു

 മയ്യനാട് സ്​റ്റേഷനിൽ 110 ലക്ഷം രൂപ മുടക്കി പ്ലാ​റ്റ്‌ഫോം ദീർഘിപ്പിക്കും

റെയിൽവേ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാനും സീസൺ ടിക്ക​റ്റ് സൗകര്യം ഉടൻ പുനസ്ഥാപിക്കാനും എല്ലാ ട്രെയിനുകളും റെഗുലർ സർവീസുകളായി ഓടിക്കാനും യോഗത്തിൽ ആവശ്യം ബന്നയിച്ചിട്ടുണ്ട്. കൊല്ലം റെയിൽവേ സ്റ്റേഷൻ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന നടപടികൾ വേഗത്തിലാക്കാൻ നിരന്തരവും ശക്തവുമായ ഇടപെടലുകളുണ്ടാകും

എൻ.കെ. പ്രേമചന്ദ്രൻ എം.പി