
കരുനാഗപ്പള്ളി : പ്രകൃതിദത്തവും വിശാലവുമാണ് അഴീക്കൽ ബീച്ച്. എന്നാൽ, സഞ്ചാരികളെ ആകർഷിക്കും വിധം സൗകര്യവും സൗന്ദര്യമുള്ളതാകണമെങ്കിൽ കടമ്പകൾ ഏറെ കടക്കേണ്ടിവരും. ബീച്ച് നവീകരണത്തിനും സൗന്ദര്യവത്ക്കരണത്തിനും ആവശ്യമായ ഭൂമിയില്ലാത്തതാണ് പ്രധാന കടമ്പ.
അറബിക്കടലിന് സമാന്തരമായി 800 മീറ്റർ നീളമാണ് ബീച്ചുള്ളത്. എന്നാൽ, സമുദ്ര തീരത്ത് ആലപ്പാട്ട് ഗ്രാമപഞ്ചായത്തിനോ, ഹാർബർ എൻജിനീയറിംഗ് വകുപ്പിനോ, ഡി.ടി.പി.സിക്കോ സ്വന്തമായി ഭൂമിയില്ല. സ്വകാര്യവ്യക്തികളുടെ ഭൂമിയിലൂടെ വേണം ടൂറിസ്റ്റുകൾക്ക് ബീച്ചിലേക്ക് കടക്കാൻ. ബീച്ചിലേക്ക് ടൂറിസ്റ്റുകളെ ആകർഷിക്കണമെങ്കിൽ സൗന്ദര്യവത്ക്കരണം കൂടിയേ തീരൂ.
അഴീക്കൽ - വലിയഴീക്കൽ പാലം നാടിന് തുറന്നുകൊടുക്കുന്നതോടെ ആലപ്പുഴയിൽ നിന്ന് കൂടുതൽ ടൂറിസ്റ്റുകൾ ഇവിടേയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ. അതിന്റെ പ്രയോജനം ലഭിക്കണമെങ്കിൽ ബീച്ചിന്റെ നവീകരണവും അതിനാവശ്യമായ ഭൂമിയും ആവശ്യമാണ്. കുട്ടികളുടെ പാർക്ക്, തണ്ണീർപ്പന്തൽ, പാർക്കിംഗ് സൗകര്യം, ഐസ് ക്രീം പാർലർ, കോഫി ഹൗസ് എന്നിവയെല്ലാം സജ്ജമാക്കേണ്ടതുണ്ട്.
നിലവിൽ ടൂറിസ്റ്റുകൾ സ്വകാര്യ വ്യക്തികളുടെ ഭൂമിയിലൂടെയാണ് ബീച്ചിലേക്ക് വരുന്നതും പോകുന്നതും. ഇവരുടെ വാഹനങ്ങൾ സൂക്ഷിക്കാൻ സ്വകാര്യ വ്യക്തികൾ സ്വന്തം സ്ഥലത്ത്
സൗകര്യം ഏർപ്പെടുത്തുകയും ഇതിൽ നിന്ന് ചെറിയ വരുമാനം ഇവർക്ക് ലഭിക്കുന്നുമുണ്ട്.
സ്വകാര്യഭൂമി
വാങ്ങേണ്ടി വരും
യാതൊരു ക്രമീകരണവുമില്ലാതെയാണ് നിലവിലെ ബീച്ചിന്റെ പ്രവർത്തനം. അഴീക്കൽ പൊഴിമുഖത്തിന്റെ വടക്ക് ഭാഗത്തു കൂടി പ്രവേശിക്കാനും തെക്ക് ഭാഗത്തു കൂടി പുറത്തു പോകാനും വഴിയുണ്ടെങ്കിൽ മാത്രമേ ബീച്ചിന്റെ പ്രവർത്തനം ചിട്ടയാക്കാൻ കഴിയൂവെന്ന അഭിപ്രായമാണ് ഡി.ടി.പി.സിക്കുള്ളത്.
വടക്ക് ഭാഗത്ത് ഹാർബർ എൻജിനീയറിംഗ് വകുപ്പിന്റെ ഭൂമിയുള്ളതിനാൽ പ്രവേശനം ഒരുക്കാൻ കഴിയും. എന്നാൽ, പുറത്തേയ്ക്കുള്ള വഴി ഒരുക്കണമെങ്കിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി വിലക്ക് വാങ്ങേണ്ടി വരും. സുനാമി ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവരുടെ ഭൂമിയാണ് ഇതിൽ അധികവും. ദുരന്തത്തിന് ശേഷം വെള്ളനാതുരുത്ത് - അഴീക്കൽ റോഡിന് പടിഞ്ഞാറ് വശം വീടുകൾ നിർമ്മിക്കാൻ പാടില്ലെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്ന് ഇവിടം തരിശ്ശായി കിടക്കുകയാണ്. ആലപ്പാട്ട് ഗ്രാമപഞ്ചായത്തോ, ഡി.ടി.പി.സിയോ മുൻ കൈയെടുത്താൽ ഇവരിൽ നിന്ന് ഭൂമി വാങ്ങാൻ കഴിയും. ഗ്രാമപഞ്ചായത്തിന് ഭൂമി ഏറ്റെടുക്കണമെങ്കിൽ കടമ്പകൾ ഒരുപാട് കടക്കേണ്ടി വരും.
എന്ത് പ്രതിസന്ധിയുണ്ടായാലും അതെല്ലാം നേരിട്ട് ബീച്ചിനെ നവീകരിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും.
യു.ഉല്ലാസ്,
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്