phot
ആര്യങ്കാവ് ആർ.ടി.ഒ.ചെക്ക്പോസ്റ്റിൽ വിജിലൻസ് സംഘം പരിശോധന നടത്തുന്നു

പുനലൂർ: ആര്യങ്കാവ് മോട്ടോർ വെഹിക്കിൾ ചെക്ക് പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത 7250 രൂപ കണ്ടെടുത്തു. ഇന്നലെ പുലർച്ചെ 6.30ന് ദേശീയ പാതയിലെ തെന്മലയിലും ആർ.ടി.ഒ ചെക്ക് പോസ്റ്റിലും ഒരേ സമയത്തായിരുന്നു പരിശോധന. മതിയായ രേഖകളില്ലാതെ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേയ്ക്ക് ലോഡുമായി വന്ന ടിപ്പർ ലോറിയും സംഘം പിടി കൂടി. ചെക്ക്പോസ്റ്റിലെ പരിശോധനയിൽ കണ്ടെത്തിയ 750രൂപയും ലോറി ഡ്രൈവറൻമാർ പടിയായി ഓഫീസിൽ കൊണ്ടിട്ട 6,500 രൂപയുമാണ് വിജിലൻസി സംഘം പിടിച്ചെടുത്തത്. പരിശോധന നടക്കുമ്പോഴും ലോറി ഡ്രൈവർമാർ പണവുമായി ഓഫീസിൽ എത്തികൊണ്ടിരുന്നു. എന്നാൽ,​ വിജിലൻസ് സംഘത്തെ കണ്ട് ഇവർ പിൻവാങ്ങുകയായിരുന്നു. പണത്തിനൊപ്പം പൈനാപ്പിൾ, പേരയ്ക്ക, നെല്ലിക്ക, കടല മിഠായി തുടങ്ങിയ പാരിതോഷികങ്ങളും കണ്ടെത്തി. വിജിലൻസ് ഡിവൈ.എസ്.പി അബ്ദൽ വഹാബിന്റെ നേതൃത്വത്തിലുളള സംഘമാണ് പരിശോധന നടത്തിയത്.