photo
തകർന്ന വാളകം വെട്ടിയോട്- പെരുമ്പ റോഡ്

കൊട്ടാരക്കര: വാളകം വെട്ടിയോട്- പെരുമ്പ റോഡ് തകർന്ന് തരിപ്പണമായി. കുണ്ടും കുഴിയുമായ റോഡിൽക്കൂടി നാട്ടുകാർ ദുരിതയാത്ര തുടരുമ്പോഴും അധികൃതർക്ക് അറിഞ്ഞഭാവമില്ല. മെറ്റൽ ഇളകിത്തെറിക്കുന്നതും ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. ഓട്ടോറിക്ഷകൾ ഓട്ടം വിളിച്ചാൽ വരാറില്ല. കാൽനടയാത്രകരും വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് ടാറിംഗ് നടത്തിയ റോഡിൽ ഇപ്പോൾ ടാറിംഗിന്റെ പൊടിപോലുമില്ലാത്ത സ്ഥിതിയാണ്. പെരുമ്പ, കുരിശടി പ്രദേശത്തുള്ളവർക്ക് വാളകത്തും മറ്റും പോകുന്നതിനുള്ള പ്രധാന റോഡാണിത്. ഒരു കിലോ മീറ്റർ ദൂരത്തിലാണ് കൂടുതലായി തകർന്നത്. ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിൽപ്പെടുന്ന റോഡ് വാളകം, അണ്ടൂർ വാർഡുകളുടെ അതിർത്തി പങ്കിടുന്നുണ്ട്. അതിർത്തിത്തർക്കത്താൽ ഇരുവാർഡ് ജനപ്രതിനിധികളും റോഡിനെ തഴഞ്ഞിരിക്കുകയാണ്. ഈ പ്രദേശത്ത് തെരുവ് വിളക്കുകളും കുറവാണ്.

കുടിവെള്ളക്ഷാമം രൂക്ഷം

വേനലിന്റെ ആംരംഭത്തിൽത്തനെ വാളകത്തെ വെട്ടിയോട്, പെരുമ്പ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. മിക്ക കിണറുകളും വറ്റി വരണ്ടു. കൈത്തോടുകളും കുളങ്ങളും വരണ്ടുതുടങ്ങി. ശാശ്വതമായ കുടിവെള്ള പദ്ധതികളൊന്നും ഇവിടെ നടപ്പാക്കിയിട്ടില്ല. സമീപ റോഡുകളിലൂടെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ കടന്നുപോകുന്നുണ്ടെങ്കിലും ഇവിടേക്ക് പൈപ്പ് വലിച്ചിട്ടില്ല. ചുമട്ടുവെള്ളത്തെ ആശ്രയിക്കുകയാണ് കൂടുതൽപേരും. വലിയ വിലകൊടുത്ത് കുടിവെള്ളം വാങ്ങുന്നവരുമുണ്ട്.

നിവേദനവുമായി

ആക്ഷൻ കൗൺസിൽ

വെട്ടിയോട്- പെരുമ്പ റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് അടിയന്തരമായി റീടാറിംഗ് നടത്തണമെന്നും പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം വേണമെന്നും ആവശ്യപ്പെട്ട് വെട്ടിയോട് ആക്ഷൻ കൗൺസിൽ പ്രസിഡന്റ് അലക്സ് മാമ്പുഴയുടെ നേതൃത്വത്തിൽ ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് ഭാരവാഹികൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിവേദനം നൽകി. വെട്ടിയോട് ജംഗ്ഷനിൽ പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. അനിൽ ബേബി, രഞ്ജി പാണൂർ, ബേബി ജോൺ, ഫിലിപ്പ് പാപ്പച്ചൻ, ജോപ്പൻ വെട്ടിയോട്, എലിസബത്ത് ജേക്കബ്, ആലീസ് ഉണ്ണി എന്നിവർ സംസാരിച്ചു.