sea
കടൽ ഭിത്തി തകർന്ന ചെറിയഴീക്കൽ തീരം

കരുനാഗപ്പള്ളി: ആലപ്പാട്ട് ഗ്രാമപഞ്ചായത്തിൽ ചെറിയഴീക്കൽ തുറയിലെ കടൽ ഭിത്തി നിർമ്മാണം അനന്തമായി നീളുകയാണ്. 2004ലെ സുനാമിയിൽ ചെറിയഴീക്കലിലെ സംരക്ഷണഭിത്തി തകർന്നിരുന്നു. എന്നാൽ, പിന്നീട് സുനാമി പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തി കടൽ ഭിത്തി പുനർനിർമ്മിക്കാൻ അധികൃതർ ശ്രദ്ധിച്ചതുമില്ല. വേലിയേറ്റത്തിൽ

ശക്തമായ കടലാക്രമണം പതിവായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.

ഇതേ തുടർന്ന് ഒന്നര പതിറ്റാണ്ടിനൊടുവിൽ കടൽ ഭിത്തിയുടെ നിർമ്മാണത്തിന് 2.11 കോടി രൂപ അനുവദിച്ചു. ഇതിൽ 85 ലക്ഷം എമർജൻസി ഫണ്ടായും 1.26 കോടി ബഡ്‌ജറ്റ് ഫണ്ടായുമാണ് അനുവദിച്ചത്.

മൈലാടും കുന്ന്, ചെറിയഴീക്കൽ ക്ഷേത്രത്തിന് പടിഞ്ഞാറ് വശം, ഫിഷ് ലാന്റിംഗ് സെന്ററിന് തെക്ക് വശം എന്നിവിടങ്ങളിൽ കരിങ്കൽ ഭിത്തി കെട്ടുന്നതിന് 85 ലക്ഷം രൂപയും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനുവദിച്ചു. ടെൻണ്ടർ നടപടികൾ പൂർത്തിയായിട്ട് ആറ് മാസം കഴിഞ്ഞിട്ടും നാളിതുവരെ കടൽ ഭിത്തിയുടെ നിർമ്മാണം ആരംഭിച്ചിട്ടില്ല. വേലിയേറ്റത്തിൽ നാശനഷ്ടം ഇവിടെ പതിവാണ്.

ശക്തമായ കടൽക്ഷോഭം കാരണം നാട്ടുകാർ എല്ലാം വിട്ടെറിഞ്ഞ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് പാലായനം ചെയ്യുന്നതും ഇവിടെ പതിവാണ്. പാറ കിട്ടാനുള്ള കാലതാമസമാണ് കടഭിത്തിയുടെ നിർമ്മാണം വൈകാൻ കാരണമെന്നാണ് കരാറുകാരും ഉദ്യോഗസ്ഥരും പറയുന്നത്. ടെൻണ്ടർ നടപടികൾ പൂർത്തിയാക്കിയാലുടൻ കടൽ ഭിത്തിയുടെ നിർമ്മാണം ആരംഭിക്കുമെന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ് പറയുന്നത്. എന്തായാലും,​ കടൽ ഭിത്തിനിർമ്മിക്കുന്നതോടെ ദുരിതങ്ങൾക്ക് ഒരുഅറുതിയാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.