phot
ഇടമൺ-പാപ്പന്നൂർ സമാന്തര പാത വഴി തേവർകുന്നിലെ ക്രഷർ യൂണിറ്റിലേക്ക് അമിത ലോഡ് കയറ്റിയെത്തിയ ടിപ്പർ നാട്ടുകാർ തടഞ്ഞപ്പോൾ

പുനലൂർ: ഇടമൺ-പാപ്പന്നൂർ സമാന്തര പാതയോരത്തെ ക്രഷർ യൂണിറ്റിലേക്ക് അമിത ലോഡുമായിവന്ന ടിപ്പർ ലോറികൾ നാട്ടുകാർ തടഞ്ഞു. ടിപ്പർ ലോറികളുടെ നിരന്തര സഞ്ചാരം റീ ടാറിംഗ് നടത്തിയ റോഡിനെ തകർക്കുമെന്നും യാത്രക്കാർക്ക് ഭീക്ഷണിയാണെന്നും

ആരോപിച്ചായിരുന്നു വാഹനം തടഞ്ഞത്. കഴിഞ്ഞദിവസം രാത്രി ലോഡുമായി എത്തിയ ടിപ്പർ വൈദ്യുതി കമ്പികളിൽ തട്ടി വീടിന്റെ മതിലിൽ ഇടിച്ച് നിന്നു. തുടർന്ന് മുൻ ജില്ലാ പഞ്ചായത്ത് അംഗം എസ്.ഇ.സ‌ഞ്ജയ്ഖാനും വാർഡു അംഗം ടി.എ.അനീഷും സ്ഥത്തെത്തി തെന്മല പൊലീസുമായി ചർച്ച നടത്തുകയും ഇനിയൊരു തീരുമാനത്തിന് ശേഷമേ

വാഹനങ്ങൾ വരികയുള്ളൂവെന്ന് ഉറപ്പ് നൽകി പിരിയുകയും ചെയ്തതാണ്.

എന്നാൽ,​ ഇന്നലെ പുലർച്ചെ വീണ്ടും മണ്ണും പൊടിയും പറത്തി ടിപ്പറുകൾ ക്രഷർ യൂണിറ്റിലേക്ക് വന്നതാണ് നാട്ടുകാരെയും ജനപ്രതിനിധികളെയും പ്രകോപിതരാക്കിയത്. തെന്മല പൊലീസ് വീണ്ടും സ്ഥലത്തെത്തി ഉടമയെയും നാട്ടുകാരെയും കണ്ട് ചർച്ച നടത്തി തത്ക്കാലം ടിപ്പർ ഓടണ്ടന്ന് തീരുമാനിക്കുകയായിരുന്നു. ഇരുകൂട്ടരെയും ചർച്ചക്ക് വിളിച്ചിട്ടുണ്ട് എസ്.ഐ അറിയിച്ചു.