
അഞ്ചൽ: അഞ്ചൽ വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ തുടർച്ചയായുണ്ടാകുന്ന
വൈദ്യുതതകരാർ പരിഹരിക്കാതെ അധികൃതർ. ഇതു കാരണം നാട്ടുകാർ പൊറുതിമുട്ടിയിട്ടും അധികൃതർക്ക് അറിഞ്ഞഭാവമില്ലെന്ന് ആക്ഷേപം.
സെക്ഷൻ പരിധിയിലെ പനച്ചവിള ഉൾപ്പടെയുള്ള ചില പ്രദേശങ്ങളിൽ ദിവസം പത്തും ഇരുപതും തവണയാണ് കറണ്ട് പോകുന്നത്. പയറ്റുവിള ജംഗ്ഷന് സമീപത്തെ ട്രാൻസ്‌ഫോമറിലെ തകരാറാണ് ഇതിനുകാരണമെന്നാണ് അധികൃതരുടെ ഭാഷ്യം. എന്നാൽ, ഈ തകരാർ ശാശ്വതമായി പരിഹരിക്കാൻ യാതൊരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ലെന്നതാണ് നാട്ടുകാരുടെ പരാതി.
ടച്ചിംഗ് വെട്ടലിന്റെ പേരിൽ ആഴ്ചയിൽ രണ്ടും മൂന്നും തവണ ഇവിടെ വൈദ്യുത ബന്ധം വിച്ഛേദിക്കാറുണ്ട്. പരാതി പറയാൻ അസി. എൻജിനീയർ ഉൾപ്പടെയുള്ളവരെ വിളിച്ചാൽ ഫോൺ എടുക്കാറില്ലെന്നും ആക്ഷേപമുണ്ട്.
വൈദ്യുതതകരാർ പരിഹരിക്കാൻ നടപടിയില്ലെങ്കിലും ബിൽ അടയ്ക്കാത്തതിന്റെ പേരിൽ വീടുകളുടെ ഫ്യൂസ് ഊരുന്ന ജോലി കിറുകൃത്യമായി നടക്കുന്നുണ്ട്. വൈദ്യുത ബിൽ അടയ്ക്കാൻ താമസിച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസം വ്യാപകമായി ഫ്യൂസ് ഊരൽ നടന്നു. അടഞ്ഞുകിടന്ന വീടുകളിലെയും ഗൃഹനാഥനില്ലാതിരുന്ന വീടുകളെപ്പോലും ഫ്യൂസ് ഊരുന്നതിൽ നിന്ന് ഒഴിവാക്കിയില്ല. സാമ്പത്തിക ബുദ്ധിമുട്ടുകാരണമാണ് പണം അടയ്ക്കാൻ വൈകിയതെന്നും ഇന്ന് പകൽ തന്നെ പണം അടച്ചുകൊള്ളാമെന്നും കേണപേക്ഷിച്ചിട്ടും അതൊന്നും അധികൃതർ ചെവിക്കൊളളാൻ തയ്യാറായില്ല. മുമ്പ് ബിൽ അടയ്ക്കാൻ വൈകിയാൽ വീടുകളിലെത്തി അടുത്ത ദിവസം തന്നെ പണം അടയ്ക്കണമെന്ന് ഉപദേശം നൽകി മടങ്ങുകയായിരുന്നു പതിവ്. എന്നാൽ, ഇത്തവണ അതുണ്ടായില്ല. രോഗികളും വൃദ്ധരും മാത്രമുള്ള വീടുകളെപ്പോലും ഫ്യൂസ് ഊരുന്നതിൽ നിന്ന് ഒഴിവാക്കിയില്ലെന്ന് പരാതിയുണ്ട്.