കരുനാഗപ്പള്ളി: പ്രകൃതി രമണീയമായ പള്ളിക്കലാറിന്റെ സൗന്ദര്യം നുകരാനാണ് വിനോദ സഞ്ചാരികൾ കന്നേറ്റിബോട്ട് ടെർമിനലിൽ എത്തുന്നത്. എന്നാൽ, അവരുടെ മടക്കം പലപ്പോഴും തികഞ്ഞ നിരാശയോടെയായിരിക്കും. വലിയ സന്തോഷത്തിൽ സഞ്ചാരികൾ കന്നേറ്റിയിലെ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തുമ്പോഴാണ് അറിയുന്നത് ഇവിടെ ബോട്ടുകളില്ലെന്ന വിവരം! കന്നേറ്റി ശ്രീനാരായണ ഗുരു പവലിയനിലാണ് ഡി.ടി.പി.സി യുടെ കന്നേറ്റി ബോട്ട് ടെർമിനൽ പ്രവർത്തിക്കുന്നത്. കൊവിഡിനെ തുടർന്ന് ബോട്ട് ടെൽമിലിന്റെ പ്രവർത്തനം ഡി.ടി.പി.സി നിർത്തിവയ്യ്ക്കുകയും ഹൗസ് ബോട്ടുകൾ അറ്രകുറ്റപ്പണിക്കായി അഷ്ടമുടി കായലിലെ റിപ്പയറിംഗ് സെന്ററിലേക്ക് മാറ്റുകയും ചെയ്തിരിക്കുകയാണ്.
വിനോദ സഞ്ചാരികളാൽ സജീവമായിരുന്ന പള്ളിക്കലാർ ഇപ്പോൾ ഏതാണ്ട് നിർജ്ജീവമാണ്.
കൊവിഡ് വ്യാപനത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ടെർമിനൽ നവംബറിലാണ് വീണ്ടു തുറന്നത്.
പഴയ ഹൗസ് ബോട്ടുകൾക്ക് പകരം 30 പേർക്ക് സഞ്ചരിക്കാവുന്ന മോട്ടർ ബോട്ടാണ് ഡി.ടി.പി.സി ഇത്തവണ നൽകിയത്. ഒരു മണിക്കൂറിന് 2000 രൂപയായിരുന്നു വാടക. ഇത്തരത്തിൽ ടെർമിനൽ പ്രവർത്തന സജ്ജമായതോടെ സഞ്ചാരികളുടെ തിരക്കും വർദ്ധിച്ചു. വിദേശികൾ മാത്രമല്ല, സ്വദേശികളും ധാരാളമായെത്തി കായൽ സൗന്ദര്യം നുകർന്നു.
അങ്ങനെ ബോട്ട് ടെർമിനൽ വീണ്ടും പച്ചപിടിച്ചപ്പോൾ, യാതൊരുഅറിയിപ്പുമില്ലാതെ ഡി.ടി.പി.സി ബോട്ട് പിൻ വലിച്ചു. ഇതോടെ ടെർമിനൽ വീണ്ടും അടച്ച് പൂട്ടൽ ഭീഷണിയിലായി. ഒരു ഓഫീസർ ഇൻ ചാർജ്ജും മൂന്ന് ജീവനക്കാരും ഇപ്പോഴും അവിടെയുണ്ട്.
കളഞ്ഞുകുളിച്ചത്
ഒരു ലക്ഷത്തിന്റെ വരുമാനം
ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിലുള്ള ശ്രീനാരായണ ട്രോഫി ജലോത്സവം നടക്കുന്ന പള്ളിക്കലാറും പരിസരവും വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റണമെന്നത് എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെയും നാട്ടുകാരുടേയും ദീർഘകാലമായുള്ള ആവശ്യമായിരുന്നു. ഇതേ തുടർന്നാണ് നാലു വർഷം മുമ്പ് ശ്രീനാരായണ ഗുരു പവലിയനിൽ ഡി.ടി.പി.സി യുടെ വിനോദ സഞ്ചാര കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ ഒരു ഹൗസ് ബോട്ടും രണ്ട് ചെറിയ ബോട്ടുകളുമാണ് ഉണ്ടായിരുന്നത്. 12 പേർക്ക് യാത്ര ചെയ്യാവുന്ന ജലസദസ് എന്നഹൗസ് ബോട്ടിന് ആഹാരം ഉൾപ്പെടെ ഒരു ദിവസത്തേക്ക് 11400 രൂപയായിരുന്നു വാടക. ഏഴുപേർക്ക് യാത്ര ചെയ്യാവുന്ന സഫാരി ബോട്ടിന് മണിക്കുറിന് 600 രൂപയും 6 പേർക്ക് യാത്ര ചെയ്യാവുന്ന സ്പീഡ് ബോട്ട് ഒരു ട്രിപ്പിന് 600 രൂപയും ഈടാക്കിയിരുന്നു. ഒരു മാസം ഒരു ലക്ഷം രൂപയുടെ വരുമാനം ഇവിടെ നിന്ന് ലഭിച്ചിരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ബോട്ടുകൾ മുഴുവൻ പിൻവലിച്ചതോടെ ബോട്ട് ടെർമിനൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഡി.ടി.പി.സി കൂടുതൽ ഹൗസ് ബോട്ടുകൾ അനുവദിച്ചാൽ കന്നേറ്റി ബോട്ട് ടെർമിലിന്റെ നഷ്ട പ്രതാപം വീണ്ടെടുക്കാവുന്നതേയുള്ളൂവെന്ന് നാട്ടുകാർ പറയുന്നു.