 
അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതിയുടെ ആനുകൂല്യ വിതരണം ആരംഭിച്ചു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ചിന്നുവിനോദ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷൈൻ ബാബു, കൃഷി ഓഫീസർ അഞ്ജന ജെ. മധു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമന മുരളി, അജയൻ, ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. മൂന്ന് വർഷം കൊണ്ട് ഏരൂരിനെ നാളികേര ഉല്പാദനത്തിൽ സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അമ്പത് ലക്ഷം രൂപ ചെലവഴിച്ച് 250 ഹെക്ടർ സ്ഥലത്ത് നാൽപ്പത്തിമൂവായിരം തെങ്ങുകൾക്ക് സംരക്ഷം ഒരുക്കുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യമെന്ന് പ്രസിഡന്റ് ടി. അജയൻ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി കീടനാശിനികൾ, തെങ്ങിന് തടംതുറക്കൽ, ഇടവിളകിറ്റ്, തെങ്ങുകയറ്റ യന്ത്രം, ജലസേചന പമ്പ്, മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് തുടങ്ങിയവ കർഷകർക്ക് ലഭ്യമാക്കും.