 
കൊല്ലം: ആർ.വൈ.എഫ് നേതൃത്വത്തിൽ കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ലാത്തിച്ചാർജ്ജും ജലപീരങ്കി പ്രയോഗവും. നാലു പേർക്ക് പരിക്കേറ്രു. എൻ.കെ. പ്രേമചന്ദ്രൻ എം.പിക്കെതിരെ കള്ളക്കേസ് ചുമത്തിയ പൊലീസുകാർക്കെതിരെ നടപടിയെടുക്കുക, ചവറയിൽ എം.പിയെ ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.
ആർ.വൈ.എഫ് ജില്ലാ സെക്രട്ടറി സുഭാഷ് എസ്. കല്ലട, ചവറ മണ്ഡലം ജോ. സെക്രട്ടറി ഇബഹ്രാഹിം കുട്ടി, കൊല്ലം മണ്ഡലം സെക്രട്ടറി തൃദീപ്, ചവറ മണ്ഡലം പ്രസിഡന്റ് സിയാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലം റസ്റ്റ് ഹൗസിൽ നിന്നാരംഭിച്ച മാർച്ച് എ.ആർ ക്യാമ്പിന് മുന്നിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് നടന്ന ഉപരോധസമരം ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്തു. ഇതിനുശേഷം പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിന്തിരിയാൻ തയ്യാറാകാതിരുന്നതോടെയായിരുന്നു ലാത്തിച്ചാർജ്ജ്. ഇതിനിടയിൽ പൊലീസിന് നേരെ കല്ലേറുമുണ്ടായി.
ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, സംസ്ഥാന കമ്മിറ്റി അംഗം സജി ഡി.ആനന്ദ്, പാങ്ങോട് സുരേഷ്, കുരീപ്പുഴ മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് സി.പി. സുധീഷ് കുമാർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി, സി.എം. ഷെരീഫ്, വൈസ് പ്രസിഡന്റ് ഉല്ലാസ് കോവൂർ, ജില്ലാ സെക്രട്ടറി സുഭാഷ് കല്ലട, വൈസ് പ്രസിഡന്റ് ഷെമീന ഷംസുദ്ദീൻ, കൊല്ലം മണ്ഡലം സെക്രട്ടറി റഫീക്ക് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.