bus-stand
കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാൻഡ്

കൊല്ലം: കൊട്ടാരക്കരയിൽ ഹൈടെക് സ്വകാര്യ ബസ് സ്റ്റാൻഡ് നിർമ്മാണ പദ്ധതിക്ക് കരാറായി. ആദ്യഘട്ട നിർമ്മാണത്തിനായി എഴുപത്തഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചത്. ടെണ്ടർ നടപടികൾ പൂർത്തിയാക്കി കരാർ ഉറപ്പിച്ചതോടെ ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ തീയതി നിശ്ചയിച്ചുകിട്ടിയാൽ രണ്ടാഴ്ചയ്ക്കുള്ളിൽ ശിലാസ്ഥാപനം നടത്തും. പദ്ധതി നടപ്പാകുന്നതോടെ പതിറ്റാണ്ടുകളായി തുടരുന്ന ബസ് സ്റ്റാൻഡിന്റെ ദുരിതാവസ്ഥയ്ക്കാണ് മാറ്റമുണ്ടാവുക.

അന്തർജില്ലാ സർവീസുകളടക്കം നൂറുകണക്കിന് ബസുകളാണ് സ്റ്റാൻഡിൽ വന്നുപോകുന്നത്. സദാസമയവും ബസുകൾ കയറിയിറങ്ങുന്ന സ്റ്റാൻഡ് നിലവിൽ അസൗകര്യങ്ങളാൽ വീർപ്പുമുട്ടുകയാണ്. പുലമൺ ജംഗ്ഷന് സമീപത്തായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെയും എം.സി റോഡിന്റെയും ഇടയിലായിട്ടാണ് സ്വകാര്യ ബസ് സ്റ്റാൻഡുള്ളത്. ഏത് നിമിഷവും തകർന്നുവീഴാവുന്ന കാത്തിരിപ്പ് കേന്ദ്രം, കുണ്ടും കുഴിയുമായ ബസ് പാർക്കിംഗ് സ്ഥലം. ടോയ്ലറ്റ് സംവിധാനങ്ങളടക്കമുള്ളവയുടെ അപര്യാപ്തത എന്നിവ നിലനിൽക്കുമ്പോഴാണ് ഹൈടെക് ബസ് സ്റ്റാൻഡ് എന്ന ആശയവുമായി നഗരസഭ ഭരണസമിതി എത്തുന്നത്.

അടിമുടിമാറും

മുഖശ്രീ തെളിയും

സ്റ്റാൻഡിൽ എത്തുന്ന ബസുകൾക്കെല്ലാം പാർക്ക് ചെയ്യാനുള്ള സ്ഥലം ക്രമീകരിക്കും. ടാറിംഗ് നടത്തിയും വശങ്ങളിൽ ഓടകൾ നിർമ്മിച്ചും തറ വൃത്തിയാക്കും. കച്ചവട സ്ഥാപനങ്ങൾ, ടോയ്ലറ്റുകൾ, വിശ്രമസ്ഥലം, ബസ് കാത്തിരിപ്പ് കേന്ദ്രം തുടങ്ങി എല്ലാ സംവിധാനങ്ങളും ഇവിടെ സജ്ജമാക്കും. എ.ടി.എം കൗണ്ടർ, ടെലിവിഷൻ, മുലയൂട്ടൽ കേന്ദ്രം, വൈഫൈ സംവിധാനം തുടങ്ങി മറ്റ് സൗകര്യങ്ങളുമൊരുക്കും. പട്ടണത്തിന്റെ മുഖശ്രീ പ്രകടമാകുംവിധമാണ് ഹൈടെക് ബസ് സ്റ്റാൻഡിന്റെ രൂപകല്പന.

"ബസ് സ്റ്റാൻഡ് നിർമ്മാണത്തിന്റെ എല്ലാ തടസങ്ങളും മാറി കരാർ ഒപ്പുവച്ചുകഴിഞ്ഞു. നിർമ്മാണ ഉദ്ഘാടനം ഉടൻ നടത്തും. രണ്ട് ഘട്ടങ്ങളിലായാണ് നിർമ്മാണം പൂർത്തിയാക്കുക. പട്ടണത്തിന്റെ മുഖശ്രീയായി ബസ് സ്റ്റാൻഡ് മാറും"

എ.ഷാജു, ചെയർമാൻ, കൊട്ടാരക്കര നഗരസഭ