photo
കൊട്ടാരക്കര നഗരസഭാ മന്ദിര നിർമ്മാണത്തിന്റെ ഡി. പി. ആർ അശോക് കൺസൾട്ടൻസിയിൽ നിന്ന് നഗരസഭാ ചെയർമാൻ എ.ഷാജു ഏറ്റുവാങ്ങുന്നു.

കൊല്ലം: കൊട്ടാരക്കര നഗരസഭ കെട്ടിലും മട്ടിലും മാറ്റത്തിനൊരുങ്ങുന്നു, പുതിയ മന്ദിര നിർമ്മാണത്തിന് തീരുമാനമായി. കിഫ്ബിയിൽ നിന്ന് 5.5 കോടി രൂപ ഇതിനായി അനുവദിച്ചു. ആസ്ഥാന മന്ദിര നിർമ്മാണവുമായി ബന്ധപ്പെട്ട ഡീറ്റൈൽഡ് പ്രൊജക്റ്റ്‌ റിപ്പോർട്ട് തയ്യാറായിട്ടുണ്ട്. അശോക് കൺസൾട്ടൻസിയാണ് ഡി.പി.അർ തയ്യാറാക്കിയത്. മാർച്ചിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും. ഇംപാക്ട് കേരളയ്ക്കാണ് നിർമ്മാണച്ചുമതല.

ദുരിതങ്ങളിൽ നിന്ന് മോചനം

കൊട്ടാരക്കര ഗ്രാമപഞ്ചായത്തിന് വേണ്ടി പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ച കെട്ടിടത്തിലാണ് നഗരസഭ ഇപ്പോൾ പ്രവർത്തിക്കുന്നത്. ഏഴ് വർഷം മുമ്പ് നഗരസഭയായി മാറ്റിയെങ്കിലും കെട്ടിടത്തിന്റെ കാര്യത്തിൽ പുരോഗതി കൈവന്നില്ല. അത്യാവശ്യ അറ്റകുറ്റപ്പണികളും നവീകരണവും നടത്തിയാണ് മുന്നോട്ടുപോയത്. സ്വന്തമായി ബഹുനില ആസ്ഥാന മന്ദിരം നിർമ്മിക്കണമെന്ന ഏറെനാളത്തെ ആവശ്യമാണ് ഇപ്പോൾ നടപ്പാകാനൊരുങ്ങുന്നത്.

ഭൂമി വിവാദം മാറുമോ?

ചന്തമുക്കിൽ നേരത്തേ ഷോപ്പിംഗ് കോംപ്ളക്സ് നിന്നിരുന്ന ഭൂമിയിൽ നഗരസഭയ്ക്ക് ആസ്ഥാനമന്ദിരം നിർമ്മിക്കാനാണ് തീരുമാനം. ഇവിടം ഇപ്പോൾ പാർക്കിംഗ് ഗ്രൗണ്ടായി ഉപയോഗിച്ചുവരികയാണ്. റവന്യൂ വക പുറമ്പോക്ക് ഭൂമിയാണിതെന്നാണ് ആക്ഷേപം. നഗരസഭ ആസ്ഥാനം നിർമ്മിക്കുന്ന ഭൂമിയച്ചൊല്ലി തർക്കം തുടരുമ്പോഴും മുന്നോട്ടുപോകാനാണ് നഗരസഭ ഭരണസമിതിയുടെ തീരുമാനം. കെ.ഐ.പി വക ഭൂമി ഏറ്റെടുക്കാൻ നീക്കം നടത്തിയത് വിജയിച്ചിരുന്നില്ല. അനുവദിച്ച തുക നഷ്ടപ്പെടാതിരിക്കാൻ ചന്തമുക്കിലെ ഭൂമിയിൽത്തന്നെ കെട്ടിടം നിർമ്മിച്ചേ മതിയാകു എന്ന സ്ഥിതിയാണ്. ഇവിടെ കെട്ടിടനിർമ്മാണം തുടങ്ങുന്നതോടെ പട്ടണത്തിലെ ഏക പാർക്കിംഗ് സ്ഥലവും നഷ്ടമാകും. പൊതുയോഗങ്ങൾ നടക്കുന്നതും ഇവിടെയാണ്.

ഹൈടെക് കെട്ടിടം

ബഹുനില മന്ദിരമാണ് നഗരസഭ ആസ്ഥാനമായി നിർമ്മിക്കുക. ചെയർമാൻ, വൈസ് ചെയർമാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാർ, സെക്രട്ടറി എന്നിവർക്ക് പ്രത്യേക ഓഫീസ് മുറികളുണ്ടാകും. ഉദ്യോഗസ്ഥർക്കുള്ള ഓഫീസ് ഹാൾ, കോൺഫറൻസ് ഹാൾ, ടോയ്ലറ്റ് സംവിധാനങ്ങൾ, വിശ്രമ മുറി, പാർക്കിംഗ് ഏരിയ എന്നിവയടക്കം ഉണ്ടാകും. വീഡിയോ കോൺഫറൻസ് സംവിധാനം, സി.സി ടി.വി സംവിധാനം എന്നിവയുമുണ്ടാകും.