 
കരുനാഗപ്പള്ളി: പള്ളിക്കലാറും ടി.എസ്.കനാലും കൊതുമുക്ക് വട്ടക്കായലും വിശാലമായ ചന്തക്കായലും തഴത്തോടുകളും കൊണ്ട് സമ്പന്നമാണ് കരുനാഗപ്പള്ളി. അതുകൊണ്ടുതന്നെ, ഇടക്കനാൽ ടൂറിസത്തിന് കരുനാഗപ്പള്ളി താലൂക്കിൽ അനന്തസാദ്ധ്യതയാണുള്ളത്. ഇടക്കനാലിലൂടെ ഹൗസ് ബോട്ടിൽ യാത്ര ചെയ്യുന്ന സഞ്ചാരികൾക്ക് കനാലിന്റെ ഇരുവശങ്ങളിലെയും കാഴ്ചകൾ കണ്ട് ആസ്വദിക്കാനും കരയിലെ ജീവിത ദൃശ്യങ്ങൾ പകർത്താനും കഴിയും.
വിശാലമായ കായൽയാത്രകളെക്കാൾ വിനോദ സഞ്ചാരികൾ ഇഷ്ടം ഇരുകരകളും അടുത്തുകാണാൻ കഴിയുന്ന വീതി കുറഞ്ഞ ഇടക്കനാലിലൂടെയുള്ള യാത്രയാണ്.
കരുനാഗപ്പള്ളി താലൂക്കിലെ തീരദേശ ഗ്രാമപഞ്ചായത്തുകളെ കോർത്തിണക്കി
കൊണ്ട് ഒരുപദ്ധതിക്ക് രൂപം നൽകിയാൽ വിനോദ സഞ്ചാര മേഖലയിൽ വൻ കുതിച്ചുചാട്ടം നടത്താൻ കഴിയുമെന്നാണ് പഠന റിപ്പോർട്ടുകൾ പറയുന്നത്.
കരുനാഗപ്പള്ളി നഗരസഭ, കുലശേഖരപുരം, ക്ലാപ്പന, തൊടിയൂർ, തഴവാ, ആലപ്പാട്, പൊന്മന, നീണ്ടകര എന്നീ ഗ്രാമപഞ്ചായത്തുകളെ ഉൾപ്പെടുത്തിക്കൊണ്ടും ടൂറിസം പാക്കേജ് തയ്യാറാക്കാവുന്നതാണ്. കരുനാഗപ്പള്ളി ശ്രീനാരായണ ഗുരു പവലിയൻ കേന്ദ്രികരിച്ച് കന്നേറ്റയിൽ ഡി.ടി.പി.സി യുടെ ബോട്ട് ടെർമിനൽ കഴിഞ്ഞ നാലു വർഷമായി പ്രവർത്തിക്കുന്നു. ഇവിടം കേന്ദ്രീകരിച്ച് വിപുലമായ പാക്കേജുകൾ ആവിഷ്ക്കരിച്ച് ടൂറിസ്റ്റുകളെ ആകർഷിക്കാവുന്നതാണ്.
തഴവാ, തൊടിയൂർ വട്ടക്കായലിലൂടെയുള്ള യാത്രയും ടൂറിസ്റ്റുകൾക്ക് വലിയ ഇഷ്ടമാകും. വിശാമായ പുഞ്ചയിലൂടെയുള്ള യാത്ര വീണ്ടും വീണ്ടും സഞ്ചാരികളെ നാട്ടിലേക്ക് ആകർഷിക്കും. സർക്കാർ വിട്ടു നൽകിയ വകുപ്പുകളിൽ ടൂറിസമില്ലാത്തത് നഗരസഭക്ക് തനതായി പദ്ധതികൾ ആവിഷ്ക്കരിക്കാൻ ഏറെ കടമ്പകൾ കടക്കേണ്ടി വരും. എന്നാൽ, ഡി.ടി.പി.സിയും കരുനാഗപ്പള്ളി നഗരസഭയും കൂട്ടായി പ്രവർത്തിച്ചാൽ ഇതെല്ലാം മറികടക്കാൻ കഴിയുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഏറെ വരുമാനം ലഭിക്കുന്ന മേഖലയായി ടൂറിസത്തെ കരുനാഗപ്പള്ളി നഗരസഭക്ക് പ്രയോജനപ്പെടുത്തുകയും ചെയ്യാം.
മാറ്റിനിർത്തരുത്
തേടിയെത്തും
കരുനാഗപ്പള്ളി ചന്തകാലയിൽ, തേവർകാവ് ക്ഷേത്രം, കൊതിമുക്ക് വട്ടക്കായൽ, ആലുംകടവ് ഗ്രീൻ ചാനൽ, ലോക പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ അമൃതപുരി, അഴീക്കൽ മത്സ്യബന്ധന തുറമുഖം, അഴീക്കൽ ബീച്ച്, കാട്ടിൽ മേക്കതിൽ ക്ഷേത്രം, ഐ.ആർ.ഇ, കേവിൽത്തോട്ടം ക്രിസ്ത്യൻ ദേവാലയം, നീണ്ടകര ഫിഷിംഗ് ഹാർബർ, ചാമ്പക്കടവ്, മാലുമേൽക്കടവ് എന്നിവിടങ്ങളെല്ലാം സഞ്ചാരികളുടെ മനം കവരുമെന്നതിൽ സംശയമില്ല.