കൊല്ലം: ഫാം ടൂറിസത്തിനൊപ്പം തീർത്ഥാടന ടൂറിസത്തിനും പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങളാണ് ജില്ലാ പഞ്ചായത്ത് നടപ്പാക്കി വരുന്നതെന്ന് പ്രസിഡൻ്റ് അഡ്വ. സാം കെ.ഡാനിയേൽ പറഞ്ഞു. ഗ്രാമങ്ങളിൽ സാംസ്കാരിക കേന്ദ്രങ്ങൾ ഒരുക്കുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഗ്രാമജ്യോതി പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കടയ്ക്കൽ ക്ഷേത്ര ചിറയ്ക്ക് ചുറ്റുമാണ് ജില്ലയിൽ ആദ്യമായി പദ്ധതി നടപ്പാക്കുന്നത്. ചിറയുടെ നാലുചുറ്റും തറയോട് പാകി നടപ്പാത നിർമ്മിക്കുന്നതിനൊപ്പം ഓപ്പൻ സ്റ്റേജ്, കൽമണ്ഡപം, ഇരിപ്പിടം, ഫിറ്റ്നസ് പാർക്ക്, പുസ്തകക്കൂട്, സൗന്ദര്യവത്കരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് ഗ്രാമജ്യോതി വഴി നടപ്പാക്കുന്നത്. 85 ലക്ഷം രൂപയാണ് ഇതിനായി ജില്ലാ പഞ്ചായത്ത് ചിലവഴിക്കുക. ഓപ്പൻ ജിംനേഷ്യം നിർമ്മാണ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സുമ ലാൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാർ, എസ്. ഷാജി, സുധിൻ കടയ്ക്കൽ, ആർ. ശ്രീജ, ജെ.എം. മർഫി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ്, പി. പ്രതാപൻ, സി. ദീപു, ആർ.എസ്. ബിജു, എസ്. വികാസ് തുടങ്ങിയവർ സംസാരിച്ചു.