 
പത്തനാപുരം: പുനലൂർ -മൂവാറ്റുപുഴ സംസ്ഥാനപാതയിലെ ഇഴഞ്ഞുനീങ്ങുന്ന പുനർനിർമ്മാണത്തിൽ പൊറുതിമുട്ടി ജനം. പൊടിപറക്കുന്ന പാതയിലൂടെ ദുരിതയാത്ര ചെയ്യുകയാണ് നാട്ടുകാർ. റോഡുപണിക്കിടെ ഭൂഗർഭ കനാലുകൾ മുറിഞ്ഞത് വരാനിരിക്കുന്ന വേനൽക്കാലത്തെ കൂടുതൽ കടുപ്പിക്കുമെന്നും
ആശങ്കയമുണ്ട്.
കോന്നിമുതൽ പുനലൂർ വരെയുള്ള ഭാഗങ്ങളിലാണ് നിർമാണ പ്രവൃത്തികൾ നടക്കുന്നത്. വീതികൂട്ടി ഓട നിർമിക്കുന്ന ജോലികളാണ് ഇഴഞ്ഞുനീങ്ങുന്നത്.
പഴക്കമേറിയ കലുങ്കുകൾ പൊളിച്ചുമാറ്റി, പുതിയത് പണിയുന്ന ജോലികളും പാർശ്വഭിത്തിനിർമ്മാണവുമാണ് നടക്കുന്നത്. പത്തനാപുരം, പിറവന്തൂർ പഞ്ചായത്തുകളിൽ ഒരു വർഷത്തോളമായി നടക്കുന്ന പ്രവത്തികൾ എങ്ങുമെത്താത്ത നിലയിലാണ്. വെട്ടിപ്പൊളിച്ച റോഡുകളും ഇടവിട്ടുള്ള നിർമാണവും പകുതി പണിഞ്ഞ ഓടകളും കാരണം യാത്രക്കാർ വലഞ്ഞിരിക്കുകയാണ്.
റോഡിന്റെ ശോച്യാവസ്ഥ കണക്കിലെടുക്കാതെ ശബരിമല തീർത്ഥാടകരടക്കം ഇതുവഴി കടന്നുപോകുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
റോഡിന്റെ തകർച്ചയ്‌ക്കൊപ്പം രൂക്ഷമായ പൊടിശല്യം യാത്രക്കാരെയും റോഡരികിലെ താമസക്കാരെയും കച്ചവടക്കാരെയും ഒരുപോലെ വലയ്ക്കുന്നുണ്ട്.
ജോലി നടക്കുന്ന ഭാഗങ്ങളിൽ വെള്ളംതളിച്ച് പൊടിശല്യം ഒഴിവാക്കണമെന്ന ആവശ്യവും ശക്തമാണ്.